2006ൽ എട്ടു വയസ്സുള്ള ജാസ്മിജിനും അമ്മയും മാതൃരാജ്യമായ നെതർലാൻഡിൽ നിന്ന് ഉഗാണ്ടയിലേക്ക് പോകുന്ന വിമാനത്തിൽ കയറി. അതിന്റെ പൈലറ്റ് ജാസ്മിജിന്റെ പിതാവ് ജോറിറ്റ് ആയിരുന്നു. വിമാനം പറന്നുയരുന്നതിന് മുമ്പ്, അമ്മ എലൻ തന്റെ ഭർത്താവിന്റെയും മകളുടെയും കോക്ക്പിറ്റിൽ നിന്നുളള ഒരു ചിത്രം പകർത്തി. ജാസ്മിജിൻ തന്റെ പ്രിയപ്പെട്ട സിംഹപാവയും കയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നു. ഇത് പഴയ കാര്യമാണ്. എന്നാൽ ഈ ഫോട്ടോയിൽ ഒരു ടിസ്റ്റുണ്ടായി വർഷങ്ങൾക്കിപ്പുറം ഈ അച്ഛനും മകളും ഒരിക്കൽ കൂടി ഒരു വിമാന കോക്ക്പിറ്റിൽ ഒരുമിച്ച് ഒരു ഫോട്ടോയെടുത്തു. പഴയ ഫോട്ടോ പുനർനിർമ്മിച്ച രീതിയിൽ കയ്യിൽ സിംഹക്കുട്ടിയെയും പിടിച്ചായിരുന്നു ജാസ്മിജിന്റെ നിൽപ്പ്. എന്നാൽ ജാസ്മിജിൻ ഇത്തവണ ഒരു യാത്രക്കാരിയായിരുന്നില്ല, മറിച്ച് അവൾ ഒരു പൈലറ്റായിരുന്നു.
2006-ലെ ഫോട്ടോ പുനഃസൃഷ്ടിക്കാൻ ഭർത്താവിനോടും മകളോടും നിർദ്ദേശിച്ചത് ജാസ്മിജിന്റെ അമ്മ എലൻ തന്നെയായിരുന്നു. ജാസ്മിജിന് വ്യോമയാനത്തിൽ താൽപര്യം വന്നത് അച്ഛൻ കാരണം മാത്രമല്ല, അമ്മ എലൻ ഒരു ഫ്ലൈറ്റ് അറ്റൻഡന്ററാണ്. ചെറുപ്പം മുതലേ പൈലറ്റാകാനായിരുന്നു ജാസ്മിജിനും ആഗ്രഹിച്ചിരുന്നത്. 12-ാം വയസ്സിൽ അവൾ ആദ്യത്തെ പറക്കൽ നടത്തി. 14 വയസ്സുളളപ്പോൾ അവൾ ഒരു ഗ്ലൈഡിംഗ് കോഴ്സ് പൂർത്തിയാക്കി. ഹൈസ്‌കൂളിൽ പഠിക്കുന്ന സമയമായപ്പോഴേക്കും ജാസ്മിജിൻ ഈ പാതയിലേക്ക് തിരിയുകയായിരുന്നു. 2018-ൽ യോഗ്യത നേടിയപ്പോൾ അവൾക്ക് 20 വയസ്സായിരുന്നു. 2019-ലെ ആ ആദ്യ വിമാനത്തിന് ശേഷം ജോറിട്ടും ജാസ്മിജിനും 17 തവണ ഒരുമിച്ച് പറന്നു. പക്ഷേ അച്ഛനൊപ്പം ഒരേ വിമാനം പറത്താനുള്ള അവസരം ലഭിച്ചത് 2019 ലായിരുന്നു. അങ്ങനെ അവർ ഒരുമിച്ച് സഞ്ചരിക്കുന്നത് കണ്ട അമ്മയാണ് ഈ രസകരമായ കാര്യം അവരോട് ആവശ്യപ്പെടുന്നത്. ചെറുപ്പത്തിൽ നിങ്ങൾ ഒരുമിച്ച് കോക്പിറ്റിൽ നിൽക്കുന്ന ഫോട്ടോ ഇപ്പോഴും എന്റെ കൈവശമുണ്ട്. എന്തുകൊണ്ട് അതുപോലെ ഒരു ഫോട്ടോ ഒന്നുകൂടി എടുത്തുകൂടാ എന്ന അമ്മയുടെ ചോദ്യം ജാസ്മിജിൻ അങ്ങനെ നിറവേറ്റി. അന്ന് കയ്യിൽ പിടിച്ച സിംഹക്കുട്ടിയെ അവൾ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് വർഷങ്ങൾക്കിപ്പുറം അച്ഛനും മകളും വീണ്ടും ആ മനോഹരമുഹൂർത്തങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തത്.
പണ്ടത്തെ കൊച്ചു പെൺകുട്ടിയിൽ നിന്നും മകൾ പൈലറ്റ് ആയി മാറിയതിൽ ഏറെ അഭിമാനിക്കുന്നു മാതാപിതാക്കൾ. ജാസ്മിജിനും ജോറിട്ടിനും, ഒരുമിച്ച് പ്രവർത്തിക്കുന്നത് ഒരുമിച്ചു ലോകം ചുറ്റി സഞ്ചരിക്കുക എന്ന ഉദ്ദേശത്തോടെയാണ്. രണ്ടുപേരും യാത്രകളെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ്. ചിലപ്പോൾ കുടുംബാംഗങ്ങളും അവരോടൊപ്പം ചേരും.