പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ രണ്ട് യുവതികളും മടങ്ങി. നീലിമലയിൽ പ്രതിഷേധക്കാർ തടഞ്ഞ കണ്ണൂർ സ്വദേശികളായ രേഷ്മ., ഷാനില എന്നിവരെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് തിരിച്ചിറക്കിയത്. യുവതികൾക്ക് സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങൾ ദർശനം നടത്തിയേ മടങ്ങു എന്ന നിലപാടിൽ യുവതികൾ ഉറച്ചു നിന്നതോടെയാണ് ബലപ്രയോഗത്തിലൂടെ ഇവരെ തിരിച്ചിറക്കേണ്ടി വന്നത്.
ഏഴംഗ സംഘത്തിനൊപ്പമാണ് രണ്ടു യുവതികളും മലകയറ്റം ആരംഭിച്ചത്. ദർശനത്തിനുശേഷം മടങ്ങിയ തീർഥാടകർ ഇവരെ തിരിച്ചറിഞ്ഞതോടെ പ്രതിഷേധിച്ചു. വിവരം പടർന്നതോടെ കൂടുതൽ തീർഥാടകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രദീപ് കുമാറെത്തി പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും പിന്മാറാന്‍ ഇവര്‍ തയ്യാറായില്ല.ശരണം വിളിച്ച് പ്രതിഷേധിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ പ്രതിഷേധവുമായെത്തിയതോടെ യുവതികള്‍ക്ക് പോലീസ് സംരക്ഷണവലയം തീര്‍ത്തു. തുടര്‍ന്ന് മൂന്നരമണിക്കൂറിനു ശേഷം പോലീസ് യുവതികളെ ബലംപ്രയോഗിച്ച് തിരിച്ചിറക്കുകയായിരുന്നു.