ഭൂമിക്കായി ഒരു ലോക പരിസ്ഥിതി ദിനം കൂടി. പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. ‘പ്രകൃതിയുമായി ഒന്നിക്കൂ’ എന്നാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം. ഇന്ന് ഈ ദിനത്തില്‍ ഒരു കോടി വൃക്ഷതൈ നട്ട് കേരളം മാതൃകയാകും.
ഹരിത മിഷന്‍റെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വനം, പരിസ്ഥിതി, കൃഷി വകുപ്പുകളാണ് തൈകള്‍ ഒരുക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവ പരിപാടിയില്‍ പങ്കാളികളാവും.
എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജെനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. ഈ ലോകപരിസ്ഥിതി ദിനത്തില്‍ നമുക്കുചുറ്റും കാണുന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ നേര്‍ചിത്രങ്ങള്‍ കാണാം .