മോസ്കോ: ലോകത്തിലെ ഏറ്റവുംവലുതും തിളക്കമാർന്നതുമായ വജ്രങ്ങളിലെന്നായ പർപ്പിൾ-പിങ്ക് ലേലത്തിന് വെക്കുന്നു. നവംബർ 11 ന് സോതെബിയിലെ ജനീവ മാഗ്നിഫിഷ്യന്റ് ജ്വല്ലേഴ്‌സും നോബിൾ ജ്വല്ലേഴ്സും ചേർന്നാണ് വജ്രം ലേലത്തിൽ വിൽക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
‘ദി സ്പിരിറ്റ് ഓഫ് റോസ്’ എന്നു വിളിപ്പേരുള്ള വജ്രം 14.83 കാരറ്റാണ്. 3.8 കോടി യു.എസ്. ഡോളറാണ് (279 കോടിയോളം രൂപ) വില പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
റഷ്യയുടെ വടക്കുകിഴക്കുള്ള സഖായിൽ അൽറോസയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽനിന്നാണ് 2017-ൽ 27.85 കാരറ്റ് പരുക്കൻ പിങ്ക് വജ്രം ലഭിച്ചത്. സെർജി ഡയാഗിലേവാണ് ദീർഘവൃത്താകൃതിയിൽ ഇപ്പോഴുള്ളരീതിയിൽ വജ്രം രൂപപ്പെടുത്തിയത്. 1911 ഏപ്രിൽ 19 ന് വജ്രവുമായി ബന്ധപ്പെട്ട് സെർഗി ഡിയാഗിലേവ് നാടകം അവതരിപ്പിച്ചിരുന്നു. ‘ദി സ്പിരിറ്റ് ഓഫ് ദി റോസ്’ എന്നായിരുന്നു നാടകത്തിന്റെ പേര്. ഇതിന് പിന്നാലെയാണ് വജ്രവും ഇതേ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
അൽറോസയും സോതെബിസും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ഫലമാണ് ഈ വിൽപന. വജ്രത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് മാസമായി നിരവധി ചർച്ചകളും വിൽപനയ്‌ക്കുള്ള ഏറ്റവും മികച്ച മാർഗം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലുമായിരുന്നുവെന്ന് സോതെബി ജ്വല്ലറി ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടറും സ്‌പെഷ്യലിസ്റ്റും, മാഗ്നിഫിഷ്യന്റ് ജ്വല്ലസ് സെയിൽസ് മേധാവിയുമായ ബെനോയിറ്റ് റെപ്പെലിൻ പറഞ്ഞു.