‘ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം’; പ്രത്യാശയുടെയും പൊന്‍കിരണങ്ങളുമായി ഇന്ന് ക്രിസ്മസ്

0

പ്രത്യാശയുടെയും പ്രതീക്ഷയുടെയും കിരണങ്ങളുമായി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നു വീണതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. പുരോഹിതര്‍ വിശ്വാസികള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കി. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരുന്നു ഇത്തവണത്തെ പാതിരാ കുർബാനയും പ്രാർത്ഥനകളും.

മഹാമാരിയുടെ ഈ പടർന്നു പിടുത്തം അത്രമേല്‍ ക്രിസ്മസ് ആഘോഷങ്ങളെയും ബാധിച്ചിട്ടുണ്ട്. മിക്കവാറും വീടുകളിൽമാത്രമായി ആഘോഷങ്ങൾ ചുരുക്കുന്ന ഒരു കാഴ്ചയാണ് ഈ വർഷം നാം കാണുന്നത്. ഈ പ്രതിസന്ധിക്കിടയിലും പുൽക്കൂടൊരുക്കിയും നക്ഷത്രവിളക്കുകൾ തെളിയിച്ചും വിശ്വാസികൾ സ്വന്തം വീടിനുള്ളിലിരുന്ന് ക്രിസ്തുമസ് ആഘോഷമാക്കുകയാണ്.

പാവപ്പെട്ടവരെ സഹായിക്കണമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യേശു ജനിച്ചത് പാവപ്പെട്ട കുടുംബത്തിലായിരുന്നുവെന്നും അതിനാല്‍ അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ്.പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ പതിവിന് വിപരീതമായി 100ല്‍ താഴെ വിശ്വാസികള്‍ മാത്രമാണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോകോള്‍ കണക്കിലെടുത്തായിരുന്നു പുതിയ ക്രമീകരണം.