പഞ്ചഭൂഖണ്ഡങ്ങളെയും ഒരു കളിക്കളത്തിലെത്തിക്കുന്ന വിശ്വത്തിൻ്റെ കായിക മാമാങ്കത്തിന്, ഒളിമ്പിക്സിന് ഇന്നലെ ഔപചാരികമായി തിരി തെളിഞ്ഞു. രാജ്യങ്ങളുടെ അതിരുകൾ മാഞ്ഞു പോകുന്ന വംശ വർണ്ണ വ്യത്യാസങ്ങൾ മറന്നു പോകുന്ന ലോകം ഒരു കുടക്കീഴിൽ ഒത്തുചേരുന്ന കായികോത്സവം ലോകത്തിന് നൽകുന്നത് ഒരുമയുടെയും കരുത്തിൻ്റെയും വലിയ സന്ദേശം തന്നെയാണ്. വർണ്ണ വിവേചനത്തന്നെതിരെ തുറന്ന നിലപാടുകളുമായി കായിക രംഗത്തെ നിറസാന്നിദ്ധ്യമായി മാറിത്തീർന്ന നവോമി ഒസാക്കയെന്ന ടെന്നീസ് താരം ഒളിമ്പിക്സിന് തിരിതെളിച്ചതിലൂടെ ജപ്പാൻ ലോകത്തിന് പകർന്ന് നൽകിയ സന്ദേശവും അതിരുകളില്ലാത്ത ലോകം എന്നത് തന്നെയായിരുന്നു. അവർ ജപ്പാൻ്റെ വീരപുത്രിയായി ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു.
മഹാമാരിയുടെ മഹാ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു വർഷം വൈകിയെത്തിയ കായികോത്സവത്തിൽ കാണികളുണ്ടാവില്ല എന്നത് കായിക ലോകത്തിൻ്റെ വലിയ ദുഃഖമായിത്തീർന്നിരിക്കയാണ്. സ്റ്റേഡിയത്തിലെത്തുന്ന കാണികളുടെ ആരവങ്ങളും ആർപ്പുവിളികളുമാണ് കളിക്കളത്തിലെ താരങ്ങൾക്ക് ഊർജമായി മാറിത്തീരുന്നത്. ഈ ഊർജവും ശക്തിയും ആവാഹിച്ചെടുത്താണ് താരങ്ങൾ പുതിയ ദൂരങ്ങൾക്കും ഉയരങ്ങൾക്കും പിറവി നൽകുന്നത്. മഹാമാരി തുടങ്ങിയതിന് ശേഷം ലോകം സാക്ഷ്യം വഹിക്കുന്ന വലിയ കായികോത്സവം ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്നത് കാണികളുടെ അഭാവത്തിലൂടെ തന്നെയായിരിക്കും.
ടോക്ക്യോയിലെ അസഹനീയ ചൂട് കായിക താരങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. എങ്കിലും കായിക സ്വപ്നങ്ങളുടെ ചിറകിലേറിയുള്ള പ്രതീക്ഷകൾ അവർക്ക് ശക്തിയും ഊർജ്ജവും പകർന്നു നൽകുന്നു. അവിടെ ടോക്കിയോവിലെ കളിക്കളത്തിൽ നമ്മുടെ ഇന്ത്യൻ താരങ്ങളും പ്രതീക്ഷയോടെ കളത്തിലിറങ്ങനായി കാത്തിരിപ്പുണ്ട്.
ഒമ്പത് മലയാളികളടക്കം പതിനെട്ട് ഇനങ്ങളിലായി മത്സരിക്കാൻ 127 ഭാരതീയർ എത്തിയിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോൾ കാരണം 20 പേർ മാത്രമേ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളൂ. ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും, ബോക്സിങ്ങ് താരം മേരികോമും ത്രിവർണ പതാകയേന്തി നമ്മുടെ അഭിമാന സാന്നിദ്ധ്യം അറിയിച്ചു. ഇനിയുള്ള പതിനഞ്ചു നാളുകൾ ലോകം കാത്തിരിക്കുന്നത് കൂടുതൽ വേഗത്തിൻ്റെയും ഉയരത്തിൻ്റെയും പിറവിയറിക്കുന്ന ധന്യ നിമിഷങ്ങളുടെ വാർത്തകൾക്കായിട്ടാണ്.