‘ശ്രീധന്യ ഐഎഎസ്, ജാതി എന്താണെന്ന് നിങ്ങളറിയാൻ പോകുന്നേയുള്ളൂ, പെണ്ണാണെന്നും’: വൈറലായി കുറിപ്പ്

0

കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്ന ശ്രീധന്യ വയനാടിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ അഭിമാന താരമാണ്. സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി നിരവധി അഭിനന്ദങ്ങളാണ് ശ്രീധന്യക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീധന്യയുടെ ഈ അമൂല്യ നേട്ടത്തിന് ദളിത് പട്ടം നൽകുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾഉയരുന്നുണ്ട്. അത്തരത്തിൽ എഴുത്തുകാരൻ ലിജീഷ് കുമാർ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശ്രീധന്യ ഐ.എ.എസ്, ജാതി എന്താണെന്ന് നിങ്ങളറിയാൻ പോകുന്നേയുള്ളൂ, പെണ്ണാണെന്നും എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. ഈ കുറിപ്പിൽ ദലിതനെന്ന പേരിലും സ്ത്രീയെന്ന പേരിലും മാറ്റിനിർത്തപ്പെട്ടവരെ കുറിച്ചണ് പരാമർശിക്കുന്നത്.

ലിജീഷിന്റെ കുറിപ്പിന്റെ പൂർണ രൂപം

ശ്രീധന്യ ഐ.എ.എസ്, ജാതി എന്താണെന്ന് നിങ്ങളറിയാൻ പോകുന്നേയുള്ളൂ, പെണ്ണാണെന്നും !!

”വൃത്തികെട്ട ജീവിതമാ സാർ.

ക്ലിനിക്ക് വെച്ചാൽ ഉയർന്ന ജാതിക്കാരൻ വരില്ല. നമ്മുടെ ആളുകളിൽ കാശുള്ളവനും വരില്ല. എനിക്ക് നാട്ടിൽ ‘തോട്ടി ഡോക്ടർ’ എന്നാ പേര്. ഒരു ഡോക്ടറാകണമെന്ന് സ്വപ്നം കണ്ട് രാവും പകലും ഇരുന്നു പഠിച്ചു. പട്ടിണി കെടന്ന് പഠിച്ചവനാ സാർ !!”

ഞാൻ നെടുവീർപ്പിട്ടു. എന്റെ മുഖത്തെ പേശികളെ മെല്ലെ അയച്ചു. ”മാണിക്യം, വേറെ പണിക്ക് പോയാലും ഇതുതന്നെയാ ഗതി. സിവിൽ സർവീസ് എഴുതി എന്നെപ്പോലെ ആയാലും വേറെ മാർഗം ഇല്ല. ഞാൻ സിവിൽ സർവീസിലെ തോട്ടിയാ…”- നൂറു സിംഹാസനങ്ങൾ | ജയമോഹൻ

ശ്രീധന്യ ഐ.എ.എസ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നു എന്ന് കേട്ടപ്പോൾ എനിക്ക് ജയമോഹനെ ഓർമ വന്നു. തോട്ടി എന്നും തോട്ടിയാണെന്ന സങ്കടം ഉള്ളുവെന്തെഴുതിയത് ജയമോഹനാണ്. ജയമോഹനെ നിങ്ങൾക്കെല്ലാമറിയാം. ഇനി നിങ്ങൾക്കറിയാത്ത ഒരു ജഗ്്മോഹനെ പരിചയപ്പെടുത്തട്ടെ,

ജഗ്‌മോഹൻ കേരളത്തിലല്ല. തമിഴ്‌നാട്ടിലെ 1985 ബാച്ച് ഐഎഎസ് ഓഫീസറാണയാൾ. മുഴുവൻ പേര് – ജഗ്‌മോഹന്‍ സിംഗ് രാജു. പഞ്ചാബിലെ ഒരു ദളിത് കുടുംബത്തിലാണ് ജഗ്‌മോഹന്റെ ജനനം. ബിരുദമെടുത്തത് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ്. 22-ാം വയസ്സിൽ നേടി ഐഎഎസ്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ഡോക്ടറേറ്റുണ്ട് ജഗ്‌മോഹന്. അയാൾ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിസിറ്റിംഗ് ഫെലോയാണ്. രണ്ടര കോടിയോളം നിരക്ഷര യുവാക്കളെ അക്ഷരം പഠിപ്പിച്ചതിന് യുനെസ്‌കൊ കിംഗ് സെജോംഗ് ലിറ്റററി പ്രൈസ് നല്‍കി ആദരിച്ച സാമൂഹ്യപരതയുള്ള ഐ.എ.എസ് ഓഫീസർ. പറയാൻ അങ്ങനെ ഒരുപാടുണ്ട്, സഹപ്രവർത്തകർക്കാർക്കും അവകാശപ്പെടാനില്ലാത്ത പലതുമുണ്ട്. പക്ഷേ ജഗ്‌മോഹൻ ദളിതനായിരുന്നു.

സർവീസിൽ കയറിയ ശേഷം സാധാരണ പദവികളിലിരുന്ന കാലങ്ങളെല്ലാം നല്ലതായിരുന്നു എന്ന് ജഗ്‌മോഹന്‍ പറയും. മുന്തിയ പദവികളിലേക്ക് പ്രവേശിക്കാവുന്ന സീനിയോറിറ്റി എത്തിയപ്പോഴാണ് ജാതി പണി തുടങ്ങിയത്. കൊല്ലം, 2013 – ഇരുപത്തെട്ട് കൊല്ലത്തെ സർവീസുണ്ട് ജഗ്‌മോഹനന്ന്. താമസിയാതെ അഡീഷണല്‍ സെക്രട്ടറിയാവുമെന്ന് റൂമറുയർന്നയുടൻ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി.ചൗധരി അയാൾക്കെതിരെ പലതരം പരാതികളുമായി വന്നു. അതത്രയും കെട്ടിച്ചമച്ചതാണ് എന്ന കണ്ടെത്തലില്‍ 2013 ൽ തന്നെ കേസ് തീര്‍പ്പായി. കൊല്ലം, 2015 – അഡീഷണല്‍ സെക്രട്ടറി നിയമനപ്പട്ടികയില്‍ ജഗ്‌മോഹന്റെ പേര് വന്നു. പഴയ പരാതി ഒന്നുകൂടി അന്വേഷിക്കണമെന്ന ആവശ്യവുമായി ചൗധരി വീണ്ടും വന്നു. കെട്ടിച്ചമച്ചതാണെന്ന കണ്ടെത്തലിൽ കേസ് വീണ്ടും തള്ളിപ്പോയി.

ഒരു ദളിതൻ അഡീഷണല്‍ സെക്രട്ടറിയാവാതിരിക്കാൻ ഇത്രയും കളികളൊക്കെ നടക്കുമോ, അതും അയാളെ വിടാതെ പിന്തുടർന്ന് ? കേൾക്കുമ്പോൾ ഒരു കഥ പോലെ തോന്നും. പക്ഷേ കണക്കുകൾ ഇക്കഥ ശരിവെക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സെക്രട്ടറി റാങ്കിൽ പണിയെടുക്കുന്ന ആകെ 81 ഐ.എ.എസ് ഉദ്യോഗസ്ഥരാണുള്ളത്. അതില്‍ പട്ടികജാതിയില്‍ നിന്ന് ആകെ ഉള്ളത് 2 പേരാണ്, പട്ടികവര്‍ഗത്തില്‍ നിന്ന് 3 പേരും.

തനിക്കെതിരെ നടന്നത്, ജാതി വെറിയുടെ കളിയാണെന്ന് കാണിച്ച് ചൗധരിയ്ക്കെതിരെ ജഗ്‌മോഹൻ ദേശീയ പട്ടികജാതി കമ്മീഷന് അന്ന് പരാതി കൊടുത്തിരുന്നു. കമ്മീഷനിടപെട്ടിട്ടും സർക്കാർ ഒരു നടപടിയുമെടുത്തില്ല. 2017 ല്‍ ഡല്‍ഹി ഹൈക്കോടതി കേസ് കേട്ടു. പട്ടികജാതി കമ്മീഷന്റെ കണ്ടെത്തലുകൾ പരിഗണിച്ച് രണ്ട് മാസത്തിനുള്ളില്‍ തീരുമാനം എടുക്കാമെന്ന് പറഞ്ഞ് കോടതി പിരിഞ്ഞു, പിന്നെയും ഒന്നും സംഭവിച്ചില്ല. പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയ്‌നിംഗ് വകുപ്പിലേക്കും ജഗ്‌മോഹൻ കത്തുകളയച്ചു. സര്‍ക്കാർ ഇടപെട്ടതേയില്ല. ജഗ്‌മോഹനും കെ.വി.ചൗധരിയും തമ്മിലെ തർക്കത്തിൽ ന്യായം ജഗ്‌മോഹന്റെ ഭാഗത്തായിരുന്നിട്ടും ചൗധരിക്ക് ഒന്നും സംഭവിച്ചില്ല. ഇതാണ് ജാതി. അത് പ്രവർത്തിക്കുക ഇങ്ങനെയാണ്. ഒറ്റ ഇരയെ മാത്രമേ അത് എപ്പോഴും സൃഷ്ടിക്കുകയുള്ളൂ.

ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തു തീരുമാനമാണ് എടുക്കുക എന്ന ചോദ്യത്തിന് ജയമോഹന്റെ നൂറു സിംഹാസനങ്ങളിലെ കളക്ടർ ധർമപാലൻ പറയുന്ന മറുപടിയാണ് എനിക്കോർമ്മ വരുന്നത്. സാർ, അതൊരു കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി. അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത് എന്ന മറുപടി.

ജഗ്‌മോഹനിന്ന് തമിഴ്‌നാട്ടിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. സിവില്‍ സര്‍വീസിലെ ഉയര്‍ന്ന പദവിയായ സെക്രട്ടറി നിയമനപ്പട്ടിക 2017 ല്‍ പുറത്ത് വന്നപ്പോൾ ജഗ്‌മോഹനൊഴികെ 1985 ബാച്ചിലെ എല്ലാവരും ആ പട്ടികയിലുണ്ടായിരുന്നു. റാങ്ക് ജേതാവും ഗംഭീരമായ സേവന പാരമ്പര്യവുമുള്ള അയാൾ മാത്രം അഡീഷണല്‍ സെക്രട്ടറി തസ്തികയിലും. ഐ.എ.എസിലെ ജാതി ഇങ്ങനെയൊക്കെയാണ് ശ്രീധന്യാ മാഡം, നിങ്ങളത് കാണാനിരിക്കുന്നേയുള്ളൂ.

”ദളിതന് ഐ.എ.എസ് ഒരു ഭാരമാണ്. അവന്റെ ചുറ്റുമുണ്ടായിരുന്ന ചെറിയ ലോകത്തേക്ക് അത് മുന്തിയവരെ കൊണ്ടുവരും. തൊട്ടുകൂടായ്മ അവൻ നേരിട്ടനുഭവിക്കാൻ തുടങ്ങും. അങ്ങനെ സഹികെട്ടാണ് ആ കുപ്പായം ഞാനഴിച്ച് വെച്ചത്.” 2008 ല്‍ സിവില്‍ സര്‍വീസിനോട് വിട പറഞ്ഞ ദളിത് എഴുത്തുകാരി ശിവകാമിയുടെ അനുഭവക്കുറിപ്പാണിത്.

”ഉപേക്ഷിക്കാൻ തോന്നിയിരുന്നു. നിങ്ങളെപ്പോലെ അത്രയെളുപ്പം ഉപേക്ഷിക്കാനാവില്ല ഒരു ദളിതന്. അവൻ എങ്ങോട്ടാണ് തിരിച്ചു പോവേണ്ടതെന്ന് നിങ്ങൾക്കറിയാഞ്ഞിട്ടാണ്. പക്ഷേ എനിക്ക് മടുത്തു.” മധ്യപ്രദേശിലെ പഞ്ചായത്ത് നഗരവികസന വകുപ്പ് സെക്രട്ടറിയായ രമേശ് തെറ്റെ, മുഖ്യമന്ത്രി വരെ വിവേചനം കാണിക്കുന്നു എന്ന സങ്കടമായിരുന്നു അയാൾക്ക്. ”ഇവിടെല്ലാവർക്കും ഞാൻ തൊട്ടുകൂടാത്തവനാണ്. ചീഫ് സെക്രട്ടറി ആര്‍.എസ്.ജുലാനിയ അതൊരിക്കൽ പരസ്യമായിത്തന്നെ പറഞ്ഞു. എനിക്കയാൾ ജോലി നിഷേധിച്ചു. അയാൾ മാത്രമല്ല മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം അതേ പക്ഷത്താണ്. ശരിക്കും എനിക്ക് മടുത്തു.”

ഇതൊരു വലിയ നിരയാണ് ശ്രീധന്യ മാം. നിങ്ങൾ ഈ നിരയിലേക്ക് കയറിക്കഴിഞ്ഞു. ഐ.എ.എസ് പരീക്ഷയെഴുതിയ 8 ലക്ഷത്തിലധികം പേരിൽ നിന്നും 410 ആം റാങ്ക് വാങ്ങിയിട്ടും നിങ്ങളുടെ നേട്ടം ദലിത് നേട്ടമായി മാത്രം നാടെങ്ങും ചിത്രീകരിക്കപ്പെടുന്നത് അതിന്റെ ആദ്യ പടിയാണ്. ജാതി മാത്രമല്ല ജെൻഡറും താമസിയാതെ നിങ്ങൾക്ക് മുഖാമുഖം നിൽക്കും. ആണഹന്തയുടെ ആഘോഷം താങ്ങാൻ വയ്യാതെ, ”ഞാൻ നിങ്ങളുടെ ജൂനിയർ ആണ്, ട്രെയിനിയാണ്, സമ്മതിച്ചു. പക്ഷേ നിങ്ങൾക്കുള്ള അതേ പദവി തന്നെയാണെനിക്കും, ഐ.എ.എസ്.” എന്ന് പറഞ്ഞ ദി കിംഗിലെ അനുരാ മുഖർജിയെ നിങ്ങൾക്കോർമ്മയുണ്ടാകും. പെണ്ണാപ്പീസർമാർക്ക് ഇന്ത്യൻ ഭരണ സർവ്വീസിന്റെ ക്ലാസ് എടുക്കുന്ന ജോസഫ് അലക്സുമാരുടെ ഇന്ത്യയാണിത്. അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നാം പഠിച്ച ഇന്ത്യ അല്ല, അനുഭവങ്ങളുടെ ഇന്ത്യയെന്ന് നിങ്ങളറിയും. ”നീയൊരു പെണ്ണായി പോയി. വെറും പെണ്ണ്.” എന്നലറുന്ന ജോസഫ് അലക്സുമാർ നിങ്ങളേയും കാത്തിരിക്കുന്നുണ്ട്.

ഇന്ന് വരെ ഒരു പെണ്ണിനെ കാബിനറ്റ് സെക്രട്ടറിയാകാൻ അനുവദിച്ചിട്ടില്ല ഇന്ത്യ. കേന്ദ്ര സർക്കാരിന്റെ 88 സെക്രട്ടറി റാങ്ക് ഓഫീസർമാരിൽ 11 പേർ മാത്രമാണ് പെണ്ണുങ്ങൾ. ഇതിൽത്തന്നെ തന്ത്രപ്രധാനമായ വകുപ്പുകൾ കൈകാര്യം ചെയ്യുന്നവർ തീരേ കുറവാണ്. അത്രമേൽ പ്രാധാന്യമില്ലാത്ത വകുപ്പുകളുടെ ചുമതലയുള്ളവരാണ് കൂടുതൽ. ജോയിന്റ് സെക്രട്ടറിക്കും അതിന് മുകളിലുമായി 700 ഉദ്യോഗസ്ഥരുണ്ട് കേന്ദ്ര സർവീസിൽ. ഇതിൽ 134 പേരാണ് സ്ത്രീകൾ. എത്ര പെർസന്റേജുണ്ട്, ഇരുപതുണ്ടോ – ഇല്ല ല്ലേ ? സംസ്ഥാനതലക്കണക്കുകളും ദയനീയമാണ് മാം. 32 ചീഫ് സെക്രട്ടറിമാരിൽ ഒരേയൊരു സ്ത്രീ. ഐ.പി.എസ്സുകാരുടെ കണക്കും കഷ്ടമാണ്. ഡി.ജി.പി റാങ്കിൽ ഇന്ത്യയിലാകെയുള്ള 29 പേരിൽ ഒറ്റ സ്ത്രീ, കർണാടകത്തിലെ നീലമണി രാജു. അത് നമുക്ക് വിടാം. നമ്മുടെ വിഷയം ഐ.എ.എസ്സാണല്ലോ. ഇപ്പോൾ സർവീസിലില്ലാത്ത പ്രഗത്ഭനായ ഒരു ഐ.എ.എസ് ഓഫീസറെ കോട്ട് ചെയ്യാം. പേര് പറഞ്ഞാൽ മാം അറിയും, ടി.ആർ.രഘുനന്ദൻ. ”എത്ര യോഗ്യത ഉണ്ടെങ്കിലും കാബിനറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ചർച്ച വരുമ്പോൾ പെണ്ണുങ്ങളുടെ പേര് വെട്ടിക്കളയും.” എന്നു പറഞ്ഞത് അദ്ദേഹമാണ്. ”സീനിയർ തസ്തികയിലൊന്നും പെണ്ണുങ്ങളുണ്ടാവില്ല. വേണോ വേണ്ടയോ എന്ന ചർച്ച പോലുമുണ്ടാവില്ല. അതാണ് കീഴ്‌വഴക്കം. എന്റെ കരിയറിൽ ഉടനീളം ഞാനിത് കണ്ടിട്ടുണ്ട്.” എന്നും.

സെക്രട്ടേറിയറ്റിലെ ഗുഹകളിൽ ഇരുന്ന് ജനങ്ങളോടു നിഴൽ യുദ്ധം നടത്തി സമാധിയടയുന്ന ഗ്ലോറിഫൈഡ് സ്റ്റെനോഗ്രാഫർ എന്ന് ഐ.എ.എസ് ഓഫീസർമാരെ വിശേഷിപ്പിച്ചത് രൺജി പണിക്കരാണ്, ദി കിംഗിന്റെ തിരക്കഥയിൽ. അതിനോട് പൊരുത്തപ്പെടാൻ കഴിയാത്തവർക്ക് ഒറ്റ വഴിയേ ഉള്ളൂ, പുറത്തേക്കുള്ള വഴി. സുരേഷ് കുമാറും ഇളങ്കോവനും മുതൽ ഇങ്ങ് കണ്ണൻ ഗോപിനാഥൻ വരെയുള്ളവർ നടന്ന വഴി.

”തോളിലൊരു സഞ്ചിയുമായി വിയര്‍ത്തൊലിച്ച് കണ്ണന്‍ വന്നുകയറിയപ്പോള്‍ ഒരത്ഭുതവും തോന്നിയില്ല. കാരണം കണ്ണന്‍ അങ്ങനെയാണ്.” പ്രശാന്ത് ബ്രൊ ഐ.എ.എസ് കണ്ണനെക്കുറിച്ചെഴുതിയതാണ്. അയാൾ ജോലി ഉപേക്ഷിച്ചപ്പോൾ ഇതോർത്ത് എനിക്ക് സങ്കടം വന്നിരുന്നു. ശ്രീധന്യാ മാം, നിങ്ങൾ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായ വിശേഷം കേട്ടപ്പോൾ, എന്തോ ഞാൻ പെട്ടന്നോർത്തത് കണ്ണൻ ഗോപിനാഥനെയാണ്. ആത്മാഭിമാനത്തോടെ ഇരിക്കാൻ പറ്റാഞ്ഞിട്ടാണ് ഇറങ്ങുന്നത് എന്ന അയാളുടെ വാക്കുകളും.

”ചെറുപ്പക്കാരാ, നീ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. ഈ പണിക്ക് വന്നതിൽ നീ ചിലപ്പോൾ ദുഃഖിക്കും. എങ്കിലും അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ.” നൂറു സിംഹാസനങ്ങളിലെ ധർമപാലനോട്, അയാളെ അഭിമുഖം നടത്തിയ സെൻഗുപ്ത പറഞ്ഞതാണ്. പ്രിയപ്പെട്ട ശ്രീധന്യ ഐ.എ.എസ്, അതുതന്നെ പറഞ്ഞ് നിർത്തട്ടെ. നിങ്ങൾ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. ഈ പണിക്ക് വന്നതിൽ ചിലപ്പോൾ ദുഃഖിക്കും. എങ്കിലും അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ.