ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തകർപ്പൻ ഫീച്ചറുമായി മികച്ച ടെക്‌നോളജിയിൽ റെഡ്മി നോട്ട് 7നെ പുറത്തിറക്കി. ചൈനീസ് വിപണയിലാണ് നിലവില്‍ ഈ സ്മാർട്ട് ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. ഷാവോമിയുടെ റെഡ്മി നോട്ട് 6 പരമ്പരയുടെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 7. ഇനിമുതൽ ‘റെഡ്മി’ ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയിരിക്കും. ആ നിലയില്‍ റെഡ്മിയുടെ ആദ്യ ഫോണായിരിക്കും റെഡ്മി നോട്ട്7. ‘റെഡ്മി ബൈ ഷാവോമി’ എന്ന ബ്രാന്‍റിങ് ആയിരിക്കും ഇനി ഫോണിന് പിറകിലുണ്ടാവുക. മികച്ച ടെക്‌നോളജി കുറഞ്ഞ വിലയ്ക്ക് എത്തുന്നതിന്‍റെ നല്ല ഉദാഹരണമാണ് ഷവോമിയുടെ റെഡ്മി നോട്ട് 7.
3ജിബി, 4ജിബി, 6ജിബി റാം ശേഷിയുള്ള മൂന്നു വേരിയന്റുകളാണ് ഫോണിനുള്ളത്. 3ജി.ബി റാം വേരിയന്‍റിന് 10,380 രൂപയും 4ജി.ബി റാം വേരിയന്‍റിന് 12,459 രൂപയും 6ജി.ബി റാം വേരിയന്‍റിന് 14,537 രൂപയുമാണ് വില. അതായത് 15000 രൂപയ്ക്ക് താഴെയാണ് ഫോണിന് വിലവരുന്നത്. ഇന്ത്യൻ വില എത്രയായിരിക്കും എന്നതിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ത്യയിലെ ഒട്ടുമിക്ക സ്മാർട്ട് ഫോൺ പ്രേമികളും 15000 രൂപയിൽ താഴെയുള്ള ഫോണുകളോടാണ് താല്പര്യം പ്രകടിപ്പിക്കാറുള്ളത് അതുകൊണ്ട് കച്ചവട തന്ത്രങ്ങളുടെ ആശാനായ റെഡ്മി 15000 രൂപയ്ക്ക് മുകളിൽ ഇന്ത്യൻ വിപണിയിൽ ഈ കുഞ്ഞു കേമനെ അവതരിപ്പിക്കാൻ സാധ്യതയില്ല. ബ്ലാക്ക്, ബ്ലൂ, പിങ്കിഷ് പര്‍പ്പിള്‍ എന്നീ മൂന്ന് കളറുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.
കരുത്തുറ്റ സവിശേഷതകൾ
വാട്ടര്‍ നോച്ച് ഡിസ്‌പ്ലേയോടു കൂടിയുള്ള ആദ്യ നോട്ട് ഫോണ്‍ എന്ന പ്രത്യേകതയും റെഡ്‌നി നോട്ട് 7 ന് സ്വന്തമാണ്. 2340 x 1080 പിക്‌സല്‍ റസലൂഷനില്‍ 6.3 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. 32/64 ജി.ബി ഇന്‍റേണല്‍ മെമ്മറിയാണുള്ളത്. ആവശ്യാനുസരണം 256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യവുമുണ്ട്.
ഇരട്ട പിന്‍ ക്യാമറാ സിസ്റ്റമാണ് ആകര്‍ഷണീയമായ മറ്റൊരു സവിശേഷത. 15000 രൂപക്കുള്ളിൽ മാർക്കറ്റിലെത്തുന്ന 48 എംപി ക്യാമറയുള്ള ആദ്യ ഫോണ്‍ എന്ന വിശേഷണവും റെഡ്മി നോട്ട് 7 സ്വന്തം. ഫോണിനു മികച്ച സ്പീഡിന്‍റെ കരുത്തുപകരാന്‍ 2.2 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 660 ഒക്ടാകോര്‍ പ്രോസസ്സറുമുണ്ട്. അഡ്രീനോ 512 ആണ് ജി.പി.യു. ഇരട്ട പിന്‍ ക്യാമറയാണ് ഫോണിലുള്ളത് പിന്നിലത്തെ മുഖ്യ സെന്‍സര്‍ 48 മെഗാപിക്‌സലിന്‍റേതും രണ്ടാമത്തേത് 5 മെഗാപിക്‌സലിന്‍റേതുമാണ്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 13 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയാണ്.എ ഐ ഫീച്ചറുകളും പോര്‍ട്രെയ്റ്റ് മോഡും സെല്‍ഫി ക്യാമറയിലുണ്ട്. 4000 എംഎഎച്ച് ബാറ്ററിയാണിതിന്. ടൈപ്പ് സി യു എസ് ബി ചാര്‍ജിങ് പോര്‍ട്ടുള്ള ഫോണില്‍ ക്വാല്‍കോമിന്‍റെ ക്വിക്ക് ചാര്‍ജിങ് സൗകര്യവും ലഭ്യമാണ്.
റെഡ്മി നോട്ട് 7 നുള്ള അതേ സൗകര്യങ്ങളോടെയാണ് റെഡ്മി നോട്ട് 7 പ്രോയും വിപണിയിൽ എത്താന്‍ പോകുന്നത്. എന്നാല്‍ നോട്ട് 7 പ്രോയിലെ 48 മെഗാപിക്‌സല്‍ ക്യാമറയില്‍ സാംസങ് സെന്‍സറിന് പകരം സോണി ഐഎംഎക്‌സ്586 സെന്‍സര്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ നോട്ട് 7 ലെ സെന്‍സറിന്‍റെ റെസലൂഷന്‍ 12 എംപിയാണ് പക്ഷേ നോട്ട് 7 പ്രൊ യിലേക്ക് വരുമ്പോൾ ക്യാമറാ സെന്‍സര്‍ സോണിയുടെ IMX586 ആണ്. ഇതാകട്ടെ സെന്‍സറിന്‍റെ ശേഷിയിലൂടെ ശരിക്കും 48 എംപി ചിത്രം എടുക്കും. റെഡ്മി നോട്ട് 7 ന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ടണല്‍ കവറും ഷാവോമി പുറത്തിറക്കി. വിവിധ കോണുകളില്‍ നിന്നും നോക്കുമ്പോള്‍ നിറം മാറുന്നതാണ് ഈ കവര്‍. 302 രൂപയാണ് ഈ കവറിന്‍റെ ഇന്ത്യൻ വില.