ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറി. ഇതോടെ ബംഗാൾ ഉൾക്കടലിൽ ‘യാസ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു. വടക്കൻ ഒഡീഷ പശ്ചിമ ബംഗാൾ തീരം വഴി ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാൾ, അന്തമാൻ തീരത്ത് കനത്ത മഴയാണ്. ജാർഖണ്ഡ്, ബീഹാർ, അസം എന്നിവിടങ്ങളിലും മഴ ലഭിക്കും.
യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഢീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. 155-165 കിലോമീറ്റര്‍ വേഗതയിലും 185 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ചു. നാവിക സേനയുടെ നാല് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യറായിരിക്കാന്‍ നിര്‍ദേശം നല്‍കി.
പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ടെലികോം, ഊര്‍ജ്ജം, റെയില്‍വേ, ഭൗശാസ്ത്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ദുരന്തനിവാരണ ഡിജിയും പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.