യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍

0

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍. അനധികൃത പണമിടപാട് കേസിലാണ് അറസ്റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം രാത്രിയോടെ റാണാ കപൂറിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി‌എം‌എൽ‌എ) വ്യവസ്ഥ പ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാരോപിച്ചാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി കപൂറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ കേന്ദ്ര ഏജൻസി 20 മണിക്കൂറിലധികം കപൂറിനെ ചോദ്യം ചെയ്തു.

കഴിഞ്ഞ ദിവസമാണ് ആര്‍.ബി.ഐ യെസ് ബാങ്കിന് മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതോടെ ബാങ്കില്‍നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി ചുരുക്കുകയായിരുന്നു.

വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലായ യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന് വായ്പ നൽകിയതിനു പിന്നാലെ കപൂറിന്റെ ഭാര്യയുടെ അക്കൗണ്ടിൽ പണമെത്തിയതിനെ കുറിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്.ഇതിനിടെ പ്രതിസന്ധിയിലായ യെസ് ബാങ്കിലെ 49 ശതമാനം ഓഹരികൾ വാങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) വെള്ളിയാഴ്ച വ്യക്തമാക്കി. നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനും ഉറപ്പ് നൽകിയിരുന്നു.