നവമാധ്യമങ്ങളിൽ സ്വയം വൈറലാവാനും, വൈറൽ സംഭവങ്ങൾ സൃഷ്ടിക്കാനുമുള്ള ഓട്ടപാച്ചിലിലാണ് സമൂഹമിപ്പോൾ. സമീപകാലത്ത് അത്തരത്തിലുള്ള ഒട്ടനവധി ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടുമുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ ദുരുപയോഗം ചർച്ച ചെയ്യുന്ന യുവേഴ്‌സ് ഷെയിംഫുള്ളി 2 എന്ന തമിഴ് ഹ്രസ്വചിത്രമാണ് നവമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
സ്ത്രീ പീഡനത്തിന്റെ മറവില്‍ ഇരയാക്കപ്പെടുന്ന പുരുഷന്‍മാരുടെ അവസ്ഥയാണ് ഈ ഹ്രസ്വചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്. കാബ് ഡ്രൈവര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടി പരാതി നല്‍കുന്നിടത്ത് ചിത്രം ആരംഭിക്കുന്നു. പെണ്‍കുട്ടിയുടെ വാക്ക് സാമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ അത് വ്യാപകമായി പ്രചരിക്കുന്നു. നിരപരാധിയായ അയാള്‍ സമൂഹത്തില്‍ ഒറ്റപ്പെടുകയും വേട്ടയാടുകയും ചെയ്യുന്നു എന്നതാണ് കഥാസാരം.
സത്യം എന്താണെന്നറിയാതെ കേട്ട പാതി കേൾക്കാത്ത പാതി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നവർക്ക് മുഖമടച്ചുള്ളൊരാടിയാണ് വിഘ്നേഷ് കാര്‍ത്തിക് സംവിധാനം ചെയ്ത യുവേഴ്സ് ഷെയിംഫുള്ളി 2 എന്ന തമിഴ് ഹ്രസ്വചിത്രം. ചിത്രം കണ്ടുകഴിയുമ്പോൾ അവനെപ്പോലുള്ള ഒരുപാട് ഇരകളുടെ മുഖം നമ്മുടെ മനസ്സിൽ ഒരുപക്ഷെ തെളിയും ഇതിലെ ഓരോ കഥാപാത്രങ്ങളും സമൂഹത്തിനു നേർക്കുള്ള ചൂണ്ടുവിരലുകളാണ്.
സൗന്ദര്യ ബാല നന്ദകുമാർ ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. വിഘ്നേശ് കാർത്തിക്, മാധവി പി.കെ. എന്നിവരാണ് മറ്റുതാരങ്ങള്‍. പെണ്‍ഭ്രൂണഹത്യക്കെതിരേയുള്ള ശക്തമായ സന്ദേശം അവതരിപ്പിച്ച യുവേഴ്‌സ് ഷെയിംഫുള്ളി എന്ന ഹിറ്റ് ഹ്രസ്വചിത്രത്തിന്റെ രണ്ടാംഭാഗമാണ് യുവേഴ്‌സ് ഷെയിംഫുള്ളി 2.