കാന‍ഡയിൽ മലയാളി വിദ്യാർഥി കാർ ഇടിച്ച് മരിച്ചു

0

കാനഡയിലെ വടക്കൻ ലണ്ടൻ ഒന്റാറിയോയിലുണ്ടായ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കുര്യനാട് മണിയാക്കുപാറ പൂവത്തിനാൽ സെബാസ്റ്റ്യൻ (ബേബി)–മിനി ദമ്പതികളുടെ മകൻ ഡെന്നിസ് സെബാസ്റ്റ്യൻ (20) ആണു മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 1.30) വടക്കൻ ലണ്ടനിലെ അഡ്‌ലെയ്ഡ് സ്ട്രീറ്റ് ട്രാഫിക് സിഗ്നലിനടുത്തായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഡെന്നിസ് സെബാസ്റ്റ്യന്റെ കാറിൽ അമിതവേഗത്തിലെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.

ഡെന്നിസാണു കാർ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന മലയാളി സുഹൃത്തുക്കൾക്കു പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണു നാട്ടിൽ ലഭിച്ച വിവരം. ഡെന്നിസിന്റെ മൃതദേഹം ഒന്റാറിയോയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വടക്കൻ ലണ്ടൻ സ്പാനിഷോ കോളജിൽ രണ്ടാം വർഷ ഇലക്ട്രോ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ഡെന്നിസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. പ്ലസ്ടു പൂർത്തിയാക്കിയ ശേഷമാണു ഡെന്നിസ് പഠനത്തിനായി കാനഡയിൽ പോയത്. ഏതാനും മാസം മുൻപു നാട്ടിൽ വരാനുള്ള ഒരുക്കം പൂർത്തിയാക്കിയെങ്കിലും കോവിഡ് വ്യാപനം മൂലം യാത്ര മുടങ്ങി. ഷാർജയിൽ നഴ്സായ അമ്മ മിനി അടുത്ത ദിവസം നാട്ടിലെത്തും. സഹോദരി: ഡോണ സെബാസ്റ്റ്യൻ.