കൊച്ചി: അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പേരിൽ യൂട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസിലാണ് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
വിജയ് പി.നായരെ വീട്ടില്‍ കയറി ആക്രമിച്ചതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കോടതിയ സമീപിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിര്‍ന്നതെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ചോദിച്ചത്.
തിരുവനന്തപുരം സെഷൻസ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപാക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ആക്രമിക്കുന്നതിനായി മുൻകൂർ ഗൂഢാലോചന നടത്തിയാണ് പ്രതികൾ തന്റെ താമസസ്ഥലത്ത് എത്തിയതെന്നായിരുന്നു ആക്രമണത്തിന് ഇരയായ വിജയ് പി. നായരുടെ വാദം. ലാപ്ടോപ്, മൊബൈൽ ഫോൺ ഇവ മോഷ്ടിച്ചതായും ഇദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. അതേസമയം മോഷണക്കുറ്റം നിലനിൽക്കില്ലെന്നും ആക്രമിക്കുക ലക്ഷ്യമിട്ടല്ല സ്ഥലത്ത് പോയത് എന്നുമായിരുന്നു ഇവരുടെ വാദം.
വിവാദ വീഡിയോയെ കുറിച്ച് സംസാരിക്കാന്‍ വിജയ് പി. നായരുടെ ആവശ്യപ്രകാരമാണ് താമസസ്ഥലത്ത് ചെന്നത്. അവിടെ നിന്നെടുത്ത ലാപ്ടോപ്പും മൊബൈലും ഹെഡ്സെറ്റും മൂന്ന് മണിക്കൂറിനകം തന്നെ പോലീസിനെ ഏല്‍പിച്ചിട്ടുണ്ട്. പ്രതികള്‍ മഷിയും ചൊറിയണവും കയ്യില്‍ കരുതിയിരുന്നെന്ന ആരോപണവും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ നിഷേധിച്ചു.
പ്രതികള്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും എതിര്‍ഭാഗം വാദമുന്നയിച്ചു. എന്ത് എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഇവര്‍ പരസ്യമായി പ്രഖ്യപിച്ചിട്ടുണ്ടെന്നും വിജയ് പി. നായരുടെ അഭിഭാഷകന്‍ പറഞ്ഞു.