മോഹന്‍ലാലിനെ അധിക്ഷേപിച്ച ‘ചെകുത്താനെ’ പൊക്കി പൊലീസ്

0

വയനാട് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ സൈനിക വേഷത്തില്‍ സന്ദര്‍ശനം നടത്തിയ നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സ് പൊലീസ് കസ്റ്റഡിയില്‍. മലയാള സിനിമയിലെ അഭിനേതാക്കളുട സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഇന്നലെ തന്നെ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

സമൂഹമധ്യത്തില്‍ മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ആരാധകരില്‍ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടിയുള്ള പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്നയാളാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ യൂണിറ്റായ മദ്രാസ് റെജിമെന്റ് 122 ആണ് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നത്.

ഈ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ സംഭവസ്ഥലത്തെത്തിയതും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയതും. എന്നാല്‍ ഇതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു ‘ചെകുത്താന്റെ’ പ്രതികരണം. മോഹന്‍ലാലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും വീഡിയോകളും ‘ചെകുത്താന്‍ 2024’ എന്ന തന്റെ ഫേസ്ബുക്ക് പേജില്‍ അജു അലക്‌സ് പങ്ക് വെച്ചിട്ടുണ്ട്. അതേസമയം സിനിമ നിരൂപണത്തിന്റെ മറവില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ നേരത്തെ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെയും പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു. പാലാരിവട്ടം പൊലീസിന്റേതായിരുന്നു നടപടി.

നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന്‍ ബാല ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു. ബാലയുടെ പരാതി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വര്‍ക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പു വെപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.