പാതി മുറിച്ച സ്ട്രോബെറികളുമായി പുതിയ ടീ ഷർട്ട്, ലൈംഗിക ചുവയെന്ന് ആരോപണം; പിൻവലിച്ച് സാറ

0

മാട്രിഡ്: കടുത്ത വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ ലൈംഗിക ചുവയുള്ള ടീ ഷർട്ട് വിപണിയിൽ നിന്നും പിൻവലിച്ച് പ്രമുഖ സ്പാനിഷ് വസ്ത്ര ശ്യംഗലയായ സാറ (zara) . കുട്ടികൾക്കായി പുറത്തിറക്കിയ ടീ ഷർട്ടിനെതിരേയാണ് വ്യാപക വിമർശനം ഉയർന്നത്.

വെള്ള നിറത്തിലുള്ള ടീഷർട്ടിൽ പാതി മുറിച്ച നിലയിലുള്ള അക ഭാഗവും പുറം ഭാഗവും കാണുന്ന സ്ട്രോബെറികളും ഒപ്പം ദി പെർഫെക്‌റ്റ് സ്നാക്, ടെയ്ക് എ ബൈറ്റ് എന്നീ വാചകങ്ങളും ഉൾപ്പെടുത്തിയിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ ലണ്ടന്‍ സ്വദേശി ലോറ വില്‍സണ്‍ ഈ ടീ ഷര്‍ട്ടിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ‘സാറ’യ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയർന്നത്. കെന്‍റിലെ ഷോപ്പിങ് സെന്‍ററില്‍ കുട്ടികളുടെ വിഭാഗത്തിലാണ് ഈ ടീ ഷര്‍ട്ട് ലോറയുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.https://www.instagram.com/reel/C-sBMUOKcCm/?igsh=Z2tlNGtkMnJmcGds

സ്നാക് എന്ന വാക്ക് ലൈംഗികമായി ആകർഷകമായ വ്യക്തിയെ സൂചിപ്പിക്കാൻ ദ്വയാർഥത്തിൽ ഉപയോഗിക്കാറുണ്ട്. താൻ ഈ ടീ ഷർട്ടിലെ വാചകങ്ങൾ കണ്ടപ്പോൾ അസ്വസ്ഥയായി എന്ന് ചൂണ്ടിക്കാട്ടിയാണ് ലോറ വീഡിയോ പങ്കുവച്ചത്. കുട്ടികളുടെ വസ്ത്രത്തിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ശരിയല്ലെന്നും തനിക്കും പങ്കാളിക്കും ഈ പ്രയോഗങ്ങളോട് വിയോജിപ്പുണ്ടെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നു. പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സാറയ്ക്കെതിരേ വിമർശനം ഉയർന്നത്.