പ്രാദേശികമായി പകർന്ന ആദ്യ സിക്ക വൈറസ് ബാധ കണ്ടെത്തിയതിനു പിന്നാലെ സിംഗപ്പൂരിൽ കൂടുതൽ പേർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. അൽജുനൈദ്-സിംസ് ഡ്രൈവ് മേഖലയിൽ 41 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 34 പേർ പൂർണ്ണമായും സുഖം പ്രാപിച്ചതായും 7 പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ 36 പേരും നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ആണ്. മറ്റു പ്രദേശങ്ങളിൽ സിക്ക വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇന്നലെയാണ് അൽ-ജുനൈദ് ബ്ലോക്ക് 102ൽ താമസിക്കുന്ന മലേഷ്യൻ യുവതിക്ക് പ്രാദേശികമായി പകർന്ന ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡെങ്കി, ചിക്കുന്‍ഗുനിയ എന്നിവപോലെ ഈഡിസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു രോഗമാണ് സിക്ക വൈറസ്. ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ തന്നെയാണ് സിക്ക വൈറസ് രോഗത്തിനുമുള്ളത്. പെട്ടെന്നുള്ള പനി, തലവേദന, ശരീരവേദന, സന്ധിവേദന, കണ്ണുകള്‍ക്ക് ചുവപ്പോ പിങ്കുനിറമോ മുതലായ ലക്ഷണങ്ങള്‍ ഈ രോഗത്തിനും കണ്ടുവരുന്നു. സിക്ക ബാധിച്ച വ്യക്തിയെ കടിക്കുന്ന ഈഡിസ് കൊതുകുകളില്‍ മൂന്നു മുതല്‍ ഏഴുദിവസത്തിനകം വൈറസ് പെരുകുകയും അതേ കൊതുക് കടിക്കുന്ന മറ്റൊരാളിലേക്ക് രോഗം പകരുകയും ചെയ്യുന്നു. ഒരിക്കല്‍ വൈറസ്ബാധിച്ച കൊതുകിന്റെ വംശപരമ്പരകളിലും ഈ വൈറസ് ഉണ്ടാകുമെന്നതും ശ്രദ്ധയമാണ്.
ബ്രസീലില്‍ കുട്ടികള്‍ ചെറിയ തലയുമായി പിറക്കുന്നതിനു പിന്നിലും ഈ വൈറസാണെന്ന് ബലമായി സംശയിക്കുന്നു. പ്രത്യേക ചികിത്സയോ പ്രതിരോധ കുത്തിവയ്പോ ലഭ്യമല്ലാത്ത ഈ രോഗം കൂടുതല്‍ വ്യാപിക്കുന്നതു തടയാനാണ് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊതുകുനശീകരണംവഴി രോഗംവരാതെ സൂക്ഷിക്കുക എന്ന വഴി മാത്രമേ നമുക്കുമുന്നിലുള്ളൂ.