പതിനാല് സെക്കന്റില്‍ കൂടുതല്‍ സമയം സ്ത്രീകളെ നോക്കിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കാമെന്നോ മറ്റോ ശ്രീ ഋഷിരാജ് സിംഗ് പറഞ്ഞു എന്നതിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിറയെ കമന്റുകളും ട്രോളുകളുമാണ്. ഒരു മന്ത്രി മുതല്‍ അനവധി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന് എതിരായി എന്നത് എന്നെ അതിശയിപ്പിച്ചു.
സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നമ്മുടെ സമൂഹത്തില്‍ ഒരു വലിയ പ്രശ്നം തന്നെയാണ്. കുളിമുറിയിലേക്കുള്ള ഒളിഞ്ഞുനോട്ടം മുതല്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് അറിഞ്ഞും അറിയാത്തമട്ടിലും സ്ത്രീകളെ സ്പര്‍ശിക്കുകയും കേറിപ്പിടിക്കുകയും ഒക്കെ ചെയ്യുന്നത് സര്‍വ സാധാരണമാണ്. കേരളത്തിലെ ഏതെങ്കിലും തിരക്കുള്ള സ്ഥലത്ത് പോയിട്ടുള്ള, പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്തിട്ടുള്ള ഒരു സ്ത്രീ പോലും (പെണ്‍കുട്ടികള്‍ ഉള്‍പ്പടെ) ഈ അതിക്രമത്തിന് ഇരയാവാതിരുന്നിട്ടില്ല.
തുറിച്ചുനോക്കുന്നത് ഇതുപോലെയൊരു കുറ്റമാണോ എന്ന് സംശയം തോന്നാം. പക്ഷെ മനസ്സിലാക്കേണ്ട കാര്യം സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തുറിച്ചു നോട്ടത്തില്‍ തുടങ്ങി വിസിലടി, കമന്റടി, ഒളിഞ്ഞു നോട്ടം, തട്ടല്‍, മുട്ടല്‍, കയറിപ്പിടിക്കല്‍, ബലാല്‍സംഗം വരെ ഒരു തുടര്‍ച്ച ആണെന്നതാണ്. ഇതില്‍ മുകളിലുള്ള കുറ്റങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ആരുടേയും സ്വകാര്യതയിലേക്ക് അവരുടെ അനുവാദമില്ലാതെ കടന്നുചെല്ലാന്‍ നമുക്ക് അവകാശമില്ല എന്ന ചിന്ത അടിസ്ഥാനപരമായി ഉണ്ടാകണം. സമൂഹത്തിലെ ഒരു ശതമാനത്തില്‍ താഴെ ആളുകളാണ് സ്ത്രീകള്‍ക്കെതിരെ വന്‍ അതിക്രമങ്ങള്‍ ചെയ്യുന്നതെങ്കില്‍ പകുതിയിലധികം പേരും ഏതെങ്കിലും കാലത്ത് ഏതെങ്കിലുമൊക്കെ തരത്തില്‍ ചെറിയ തോതിലുള്ള കടന്നുകയറ്റം നടത്തിയിട്ടുണ്ട്. പിന്നീടും അത് തെറ്റാണെന്നുള്ള ചിന്ത പോലും അവർക്കില്ല എന്നതാണ് ഈ വിഷയം വിവാദമാകുന്നതിലൂടെ നാം മനസ്സിലാക്കേണ്ടത്.
പാശ്ചാത്യരാജ്യങ്ങളില്‍ ഇപ്പോള്‍ ‘നോ’ മീന്‍സ് ‘നോ’ എന്നൊരു ബോധവല്‍ക്കരണ കാമ്പയിന്‍ ഉണ്ട്. കേരളത്തിലും എന്താണ് ‘ഹരാസ്സ്മെന്റ്’ എന്ന വാക്ക് അര്‍ത്ഥമാക്കുന്നതെന്ന് മന്ത്രിമാര്‍ക്ക് മുതല്‍ സ്ത്രീകള്‍ക്ക് വരെ ക്‌ളാസ് എടുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.