കൊച്ചി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള (കിയാല്‍) വികസനത്തിനായി ഒരു കോടി ഓഹരികള്‍ കൂടി വിറ്റഴിച്ച് വൻ പദ്ധതികൾ ഒരുങ്ങുന്നു. 151 രൂപയാണ് ഓഹരി വില. കമ്പനികള്‍, സഹകരണ സംഘങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ഓഹരികള്‍ സ്വന്തമാക്കാം. മിനിമം 500 ഓഹരികള്‍ വാങ്ങണം. എയര്‍സൈഡ് വിപുലീകരണം, എയര്‍ കാര്‍ഗോ കോംപ്ലക്സ്, കിയാല്‍ ഓഫിസ് കെട്ടിട നിര്‍മാണം എന്നിവയ്ക്കു പണം കണ്ടെത്താനാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. നിലവില്‍ 8000 ഓഹരിയുടമകളുണ്ട്. പുതിയ ഓഹരികള്‍ക്കായി അപേക്ഷ സ്വീകരിച്ചു തുടങ്ങി.
യാത്രക്കാരുടെയും വിമാന സര്‍വീസുകളുടെയും എണ്ണത്തിലെ വര്‍ധന കണക്കിലെടുത്തു കൂടുതല്‍ വിമാനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. 2020 ഡിസംബറിനകം 20 പാര്‍ക്കിങ് ഏരിയകള്‍ കൂടി ഒരുക്കാനാണു പദ്ധതി. നിലവില്‍ ഒരേസമയം 20 വിമാനങ്ങൾ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. സൗകര്യം കൂട്ടുന്നതോടെ 40 വിമാനങ്ങള്‍ക്ക് ഒരേ സമയം നിര്‍ത്തിയിടാം.
എയർ കാർഗോ കോംപ്ലക്സിന്റെ പണി ഏകദേശം കഴിയാറായിട്ടുണ്ട്.അടുത്ത മാസം ചരക്കുനീക്കം തുടങ്ങാനാകുമെന്നാ അധികൃതരുടെ പ്രതീക്ഷ. ഇതിനു പുറമെ എയര്‍പോര്‍ട്ട് വില്ലേജ് പദ്ധതികളും നടപ്പിലാക്കാനാണ് ലക്ഷ്യം.