അബുദാബി∙ ബിഗ് ടിക്കറ്റ് പ്രതിവാര ഇ–ഡ്രോ നറുക്കെടുപ്പുകളിൽ മലയാളി ഭാഗ്യം തുടരുന്നു. ഏറ്റവുമൊടുവിലത്തെ നറുക്കെടുപ്പിലും 2 മലയാളികൾക്ക് ഭാഗ്യം ലഭിച്ചു. അനീഷ് അന്തിക്കാട്ട്, റനീഷ് ചെറുമണൽ എന്നിവർക്ക് 22 ലക്ഷം രൂപ( 1,00000 ദിർഹം) വീതമാണ് ലഭിച്ചത്.
അബുദാബിയിൽ താമസിക്കുന്ന അനീഷ് അന്തിക്കാട്ട് സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കഴിഞ്ഞ 8 വർഷമായി 10 അംഗസുഹൃത് സംഘത്തോടൊപ്പം ചേർന്നാണ് ടിക്കറ്റ് വാങ്ങുന്നത്. സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നും തന്റെ ഭാഗം മകളുടെ ഭാവിക്കായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
റനീഷ് ചെറുമണൽ ദുബായിൽ താമസിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലി ചെയ്യുന്ന അദ്ദേഹം ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിൽ നിന്ന് 10 സുഹൃത്തുക്കളോടൊപ്പം 6 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നു. ഇ-ഡ്രോ സമ്മാനമായ 100,000 ദിർഹം നേടുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇ-ഡ്രോയെ കുറിച്ച് താൻ പൂർണമായും മറന്നുപോയിരുന്നുവെന്നും പ്രതിമാസ വിജയികളിൽ ഒരാളാകുമെന്ന പ്രതീക്ഷയിൽ തത്സമയ നറുക്കെടുപ്പ് കാണാൻ ജൂലൈ 3 നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പറഞ്ഞു. എനിക്ക് ഇതുവരെ പ്രത്യേക പദ്ധതികളൊന്നുമില്ല. പക്ഷേ വിജയത്തിൽ വളരെ സന്തോഷമുണ്ട്. പാക്കിസ്ഥാനിയായ മൻസൂർ മുഹമ്മദാണ് ഇൗയാഴ്ചയിലെ മൂന്നാമത്തെ വിജയി. ഇദ്ദേഹത്തിനും ഒരു ലക്ഷം ദിർഹം സമ്മാനം ലഭിച്ചു.
ഇൗ മാസം റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പുകളിൽ ഒന്നിൽ പങ്കെടുക്കാനാകും. അതിൽ മൂന്ന് വിജയികൾക്ക് എല്ലാ ആഴ്‌ചയും 10,0000 ദിർഹം(2 കോടിയിലേറെ രൂപ) സമ്മാനിക്കും. ഇരുപത് വിജയികൾക്ക് 10,000 ദിർഹം വീതവും സമ്മാനിക്കും. പ്രമോഷൻ തീയതികളിൽ ടിക്കറ്റ് വാങ്ങുന്ന ആർക്കും ജൂലൈ 3-ന് 15 ദശലക്ഷം ദിർഹത്തിന്റെ വൻ സമ്മാനം നേടാനുള്ള അവസരവും ലഭിക്കും. അബുദാബി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് 1992ൽ ആരംഭിച്ച ബിഗ് ടിക്കറ്റിന്റെ ഇതുവരെ നടന്ന നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരാണ് ഏറ്റവുമധികം ഭാഗ്യശാലികളായിട്ടുള്ളത്. അതിലേറെയും മലയാളികളാണ്.