അപ്പൂസിന്റെ 27 വർഷങ്ങൾ

0

തിരക്കുകൾക്കിടയിൽ മക്കളുടെ കൊച്ചു കൊച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാത്ത ഒരുപാട് സുഹൃത്തുകളുണ്ട് സംവിധായകൻ ഫാസിലിന്.അവരുടെ അനുഭവങ്ങൾ വച്ച് ഒരു കഥ ആലോചിക്കാൻ ഫാസിൽ തീരുമാനിച്ചു.അച്ഛന്റെ ഒപ്പം സൈക്കിളിലിരുന്ന് കറങ്ങുക..അച്ഛനൊപ്പം ബോട്ടിങിന് പോവുക..അങ്ങനെ കൊച്ചു കൊച്ചു മോഹങ്ങൾ ഉള്ള ഒരു മകൻ..അവന് അമ്മയില്ല.തിരക്കുകൾ കാരണം അവനെ ശ്രദ്ധിക്കാൻ അച്ഛന് സമയവുമില്ല.ഒടുവിൽ മകൻ മാരകരോഗിയാണെന്ന് അറിഞ്ഞപ്പോൾ ആശുപത്രിക്കിടക്കയിൽ നിന്ന് അവനെ വാരിയെടുത്ത് കൊണ്ടുപോയി മകന്റെ മോഹങ്ങളെല്ലാം അച്ഛൻ സാധിച്ചു കൊടുക്കുന്നു.ഫാസിൽ ആ കഥക്ക് ഒരു പേരുമിട്ടു, പപ്പയുടെ സ്വന്തം അപ്പൂസ്.

അപ്പോഴെല്ലാം ഫാസിലിനെ അലട്ടിയ പ്രധാനപ്രശ്നം അപ്പൂസായി അഭിനയിക്കാനുള്ള കുട്ടി ആയിരുന്നു.ഒരുപാട് പേരെ കണ്ടു.ആരെയും ഫാസിലിന് ഇഷ്ടമായില്ല.ഒടുവിൽ കൊച്ചിൻ ഹനീഫയുടെ സഹോദരിക്ക് ഒരു മകൻ ഉണ്ടെന്ന് ആരോ പറഞ്ഞു.ബാദുഷ് എന്നാണ് അവന്റെ പേര്.അവന്റെ അഭിനയം കണ്ടപ്പോൾ ഫാസിലിന് ആ കൊച്ചു മിടുക്കനെ വല്ലാതെ ഇഷ്ടപ്പെട്ടു.അങ്ങനെ അവനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാൻ ഫാസിൽ തീരുമാനിച്ചു.

പപ്പയുടെ സ്വന്തം അപ്പൂസിൽ ഫാസിലിനെ ബാദുഷ് വെള്ളം കുടിപ്പിച്ച ഒരു സീനുണ്ട്.ചിത്രത്തിലെ നായിക സീനത്ത് ദാദിയെ ബാദുഷ് കെട്ടിപ്പിടിക്കണം.’അത് എന്ത് വന്നാലും നടക്കില്ല എന്ന്’ബാദുഷ്.’നിന്നെക്കാൾ എത്രയോ മൂത്ത ചേച്ചിയാണ് സീനത്ത് എന്നും സീനത്തിനെ കെട്ടിപ്പിടിക്കാൻ എന്തിനാ നാണിക്കുന്നെ’ എന്ന് ഫാസിൽ പറഞ്ഞു നോക്കിയിട്ടൊന്നും ബാദുഷ് സമ്മതിച്ചില്ല.ഒടുവിൽ ഫാസിൽ ബാദുഷിനെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു.ഇത് വരെ ഞാൻ തന്ന ചോക്ലേറ്റ് മുഴുവൻ തിരിച്ചു താ എന്ന് പറഞ്ഞ് ബാദുഷിനോട് തർക്കിച്ചുകൊണ്ടേ ഇരുന്നു.ഒടുവിൽ ഫാസിലിന്റെ ശല്യം സഹിക്കവയ്യാതെ ബാദുഷ് ആ സീനിൽ അഭിനയിക്കുകയായിരുന്നു.സിനിമ റിലീസ് കഴിഞ്ഞപ്പോൾ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബാദുഷ് ആയിരുന്നു.’പപ്പയുടെ സ്വന്തം അപ്പൂസിലെ അഭിനയത്തിന് ബാദുഷിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാനഅവാർഡും ലഭിച്ചു.

കഥയിൽ മമ്മൂട്ടിയും കുട്ടിയും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് കുട്ടിയെ നോക്കാൻ വരുന്ന പെൺകുട്ടിയുടേത്.ആ റോളിലേക്ക് മലയാളികൾക്ക് കണ്ട് പരിചയമില്ലാത്തൊരു മുഖം വേണമെന്ന് ഫാസിലിന് നിർബന്ധമുണ്ടായിരുന്നു.മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഇണങ്ങുകയും വേണം.അങ്ങനെയൊരു അന്വേഷണത്തിലാണ് അന്യഭാഷയിൽ ഒന്ന്-രണ്ട് സിനിമകളിൽ അഭിനയിച്ച സീനത്ത് ദാദി എന്ന പെൺകുട്ടിയിലേക്ക് ഫാസിൽ എത്തുന്നത്.ഈ സിനിമക്ക് ശേഷമാകട്ടെ സീനത്ത് ദാദി മലയാളത്തിൽ അഭിനയിച്ചിട്ടുമില്ല.കന്നഡയിലെ വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായ ശിവരാജ് കുമാറിന്റെ മുത്തണ്ണ പോലെയുള്ള സിനിമകളിൽ പിൽക്കാലത്ത് അവർ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു

മകൾ ലക്ഷ്മി മരിച്ച വിഷമത്തിൽ കുറച്ചു കാലമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന സമയത്താണ് സുരേഷ് ഗോപിയെ ഫാസിൽ ഈ സിനിമയിലേക്ക് വിളിക്കുന്നത്.എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ സുരേഷ് ഗോപിക്ക് മികച്ചൊരു വേഷം സമ്മാനിച്ച സംവിധായകൻ കൂടിയാണ് ഫാസിൽ.കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ റോളാണ് സുരേഷ് ഗോപിക്ക് ഈ സിനിമയിൽ ഫാസിൽ നൽകിയത്.പോരാത്തതിന് ഫാസിൽ മറ്റൊരു സത്യം കൂടി സുരേഷ് ഗോപിയോട് പറഞ്ഞു.’നടൻ മുരളി മൂന്ന് ദിവസമായി ആ കഥാപാത്രമായി അഭിനയിച്ചതാണ്.ആ സമയത്ത് മുരളി വേറെയും കുറേ സിനിമകളിൽ ഓടി നടന്ന് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.മുരളിക്ക് എല്ലായിടത്തും എത്താൻ കഴിയുന്നില്ല എന്ന് മനസ്സിലായപ്പോൾ ഫാസിൽ ഡോക്ടറുടെ കഥാപാത്രം മറ്റാരെയും വച്ച് ചെയ്യിക്കാൻ തീരുമാനിക്കുകയിരുന്നു.അങ്ങനെയൊരു തീരുമാനത്തിന്റെ പുറത്താണ് ഫാസിൽ സുരേഷ് ഗോപിയെ വിളിക്കുന്നത്.

‘സുരേഷിന് വിഷമമുണ്ടോ’?ഫാസിൽ ആദ്യമേ ചോദിച്ചു.താൻ തയ്യാറാണെന്ന് സുരേഷ് ഗോപി ആത്മവിശ്വാസത്തോടെ പറഞ്ഞു.ഒരിക്കൽ ചിത്രീകരിച്ച രംഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യുന്നതിന്റെ വിഷമം ഫാസിലിന് ഉണ്ടായിരുന്നു.പക്ഷേ മുരളിയെ വച്ച് മൂന്ന് ദിവസം കൊണ്ട് ഷൂട്ട് ചെയ്‌ത രംഗങ്ങൾ ഫാസിലും ക്യാമറാമാൻ ആനന്ദക്കുട്ടനും ഒറ്റ ദിവസം കൊണ്ട് എടുത്തുതീർത്തു

അപ്പൂസിന്റെ അമ്മയുടെ കഥാപാത്രം കുറച്ച് സീനുകളിൽ മാത്രമേയുള്ളൂ..പക്ഷേ അതിൽ നല്ല ഒരു നടി തന്നെ അഭിനയിക്കണം എന്ന നിർബന്ധം ഫാസിലിന് ഉണ്ടായിരുന്നു.ഫാസിൽ ശോഭനയെ വിളിച്ചു.രണ്ട് പേർക്കും ഇത്രയും കാലമായിട്ടും ഒരുമിച്ചു സിനിമ ചെയ്യാത്തതിന്റെ വിഷമമുണ്ട്.ഫാസിൽ ചോദിച്ചു,’പുതിയ സിനിമയിൽ ഒരു ഗസ്റ്റ് അപ്പിയറൻസ് ഉണ്ട്.ചെയ്യാമോ?’ശോഭന സമ്മതിച്ചു.അപ്പൂസിന് ശേഷം ഫാസിൽ സംവിധാനം ചെയ്‌ത മണിച്ചിത്രത്താഴിലൂടെ ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത് മറ്റൊരു വൈപര്യം!!

പപ്പയുടെ സ്വന്തം അപ്പൂസിലെ എല്ലാ പാട്ടുകളും വൻഹിറ്റായി.ഓലതുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളി എന്ന ഗാനത്തിന്റെ വൻ ജനപ്രീതി കാരണം സ്നേഹത്തിൻ പൂഞ്ചോലതീരത്തിൽ നാമെത്തും നേരം തുടങ്ങിയ മറ്റ് ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന ദുഃഖം തനിക്ക് ഇപ്പോഴുമുണ്ടെന്ന് ഫാസിൽ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുമുണ്ട്.ചിത്രത്തിലെ പാട്ടുകൾ എഴുതിയത് ബിച്ചു തിരുമലയും സംഗീതം നൽകിയത് ഇളയരാജയുമായിരുന്നു.

ഓലതുമ്പത്തിരുന്നൂയലാടും എന്ന ഈണം പിറന്നതിന് പിന്നിലും ഒരു കഥയുണ്ട്.ആ സിറ്റ്വേഷൻ ,വിവരിക്കുന്നതിനിടയിൽ ഫാസിൽ ഇളയരാജയോട് പറഞ്ഞു.ഒരു താരാട്ട് ഇടാവുന്ന സിറ്റ്വേഷനാണ്,പക്ഷേ നമുക്ക് താരാട്ട് അല്ലാതെ വേറെ എന്തെങ്കിലും നോക്കാം.ഇളയരാജയുടെ മനസ്സിലേക്ക് അപ്പോൾ എത്തിയത് ഒരു പഴയ മലയാളം പാട്ടിന്റെ ശീലാണ്.ഇളയരാജ ആ പാട്ട് പാടി..?കായലരികത്ത് വലയെറിഞ്ഞൊരു സുന്ദരി?..എന്നതായിരുന്നു ആ പാട്ട്..അത് പാടിയതോ പുതിയൊരീണത്തിൽ..ആ ഈണം ഫാസിലിന് വളരെയധികം ഇഷ്ടപ്പെട്ടു.അന്ന് ഫാസിലിന്റെ മനസ്സിൽ പതിഞ്ഞ ആ ഈണത്തിലാണ് ഇന്ന് നമ്മൾ ഓലത്തുമ്പത്തിരുന്നൂയലാടും എന്ന ഗാനം കേൾക്കുന്നത്.

ബിച്ചു തിരുമലക്ക് ബാലഗോപാലൻ എന്നൊരു അനിയനുണ്ടായിരുന്നു. ചെറുപ്പത്തിലേ മരിച്ചു പോയി.അമ്മ ബാലഗോപാലനെ എണ്ണ തേപ്പിച്ചു കുളിപ്പിക്കുന്ന രംഗം ബിച്ചു തിരുമലയുടെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു.ആ രംഗം ഓർത്താണ് ബിച്ചു മനോഹരമായ ആ ഗാനം രചിച്ചതും ഒപ്പം എന്റെ ബാലഗോപലനെ എന്ന തേപ്പിക്കുമ്പോൾ എന്ന വരികൾ അതിൽ എഴുതി ചേർത്തതും!!!

വൻജനപ്രീതി നേടിയ ചിത്രം അക്കൊല്ലത്തെ വലിയ പണം വാരിപ്പടങ്ങളിൽ ഒന്നായി.ഒരു ദിവസത്തെ വ്യത്യാസത്തിൽ കൂടെയിറങ്ങിയ യോദ്ധയെ ബോക്‌സ് ഓഫീസ്മത്സരത്തിൽ കടത്തിവെട്ടാനും അപ്പൂസിനായി.ചിത്രം നേടിയ വൻപ്രീതിക്ക്,ഗാനങ്ങൾ ഒട്ടൊന്നുമല്ല സഹായിച്ചത്.സൂപ്പർഹിറ്റായ ഈ സിനിമ 1997ൽ ജഗപതിബാബുവിനെയും മഹേശ്വരിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി #പ്രിയരാഗലു എന്ന പേരിൽ തെലുങ്കിൽ റീമേക്ക് ചെയ്യുകയും ഉണ്ടായി.