ശ്രീനഗർ: ജമ്മു റീജിയണിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു.ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 2 ജി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്. കശ്മീര്‍ താഴ്‌വരയിലെ 17 എക്‌സ്‌ചേഞ്ചുകളിലെ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളും പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരും. ജമ്മു കശ്മീരിലെ ടെലികോം സേവനങ്ങള്‍ പടിപടിയായി പുനസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രമണ്യം വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് ജമ്മുവിലും കശ്മീരിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്.ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്. നേരത്തെ കശ്മീരിലെ ടെലികോം നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് അല്‍പം കൂടെ സമയം കൊടുക്കണമെന്നായിരുന്നു കോടതി നിലപാട്.