സിംഗപ്പൂര്‍ ഓണാഘോഷത്തിമര്‍പ്പില്‍.

0


മാവേലിയെ വരവേല്‍ക്കാന്‍ സിംഗപ്പൂരൊരുങ്ങി. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മികച്ച രീതിയില്‍ തന്നെ ഓണമാഘോഷിക്കുവാന്‍ ആണ് സിംഗപ്പൂര്‍ മലയാളികള്‍ തയ്യാറായിരിക്കുന്നത്. സിംഗപ്പൂരില്‍ മലയാളികളോടോപ്പം മറ്റു ഭാഷക്കാരും ആഘോഷത്തില്‍ പങ്കാളികളാവുന്നു. ഓണത്തോടനുബന്ധിച്ച് ഒട്ടേറെ പരിപാടികളാണ് മലയാളി സമൂഹം ആസൂത്രണം ചെയ്തിട്ടുള്ളത്. അമിതമായ ഫ്ലൈറ്റ്‌ ചാര്‍ജ്ജും, ലീവു ലഭിക്കാത്തതും കാരണം ഓണക്കാലത്ത്‌ നാട്ടിലെത്താന്‍ വെമ്പുന്ന മലയാളികളില്‍ മിക്കവര്‍ക്കും നാട്ടിലെത്താന്‍ സാധിക്കാറില്ല.

സിംഗപ്പൂര്‍ ഓണത്തിനും പ്രധാനം ഓണസദ്യ തന്നെ. ലിറ്റില്‍ ഇന്ത്യയിലുള്ള കാര്‍ത്തിക സ്റ്റോറില്‍ കേരളീയ വിഭവങ്ങള്‍ എല്ലാം തന്നെ ലഭ്യമാണ്. വെളിച്ചെണ്ണയില്‍ വറുത്തെടുത്ത ചിപ്സ്, ശര്‍ക്കര ഉപ്പേരി, പാചകം ചെയ്യേണ്ട അട, വറുത്ത സേമിയ, കേരള പപ്പടം എന്നുവേണ്ട എല്ലാ ഗ്രോസറികളും കാര്‍ത്തികയില്‍ ലഭ്യം. ഹൌസ് ബ്രാന്‍റിന്‍റെ ഒന്നാം ഗ്രേഡ്‌ കുത്തരിയും കൂടിയാകുമ്പോള്‍ കേരളിത്തിത്തനിമയുള്ള ഓണസദ്യ വീടുകളില്‍തന്നെ ഒരുക്കാന്‍ വീട്ടമ്മമാര്‍ക്ക് സാധ്യമാകുന്നു.

സദ്യയൊരുക്കാന്‍ സാധിക്കാത്തവര്‍ക്ക് ആശ്വാസമായി മലയാളി റസ്റ്റോറന്‍റുകളായ സ്പൈസ് ജംഗ്ഷനിലും, സ്വാദിഷ്ടിലും ഓണ സദ്യയൊരുങ്ങുന്നുണ്ട്. സദ്യയ്ക്ക് ശേഷം ഓണച്ചിത്രം കാണാനുള്ള സൗകാര്യവും ഇത്തവണയുണ്ട്. ബ്ലോക്ക്‌ബസ്റ്ററായ മോഹന്‍ലാല്‍ ചലച്ചിത്രം പെരുച്ചാഴി ഗോള്‍ഡന്‍ വില്ലേജ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനുണ്ട്.

സിംഗപ്പൂരിലെ എല്ലാ മലയാളി സംഘടനകളും ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓണാഘോഷങ്ങളാണ് വിവിധ സംഘടനകളായി സംഘടിപ്പിക്കുന്നത്. പ്രധാന സംഘടനയായ മലയാളി അസോസിയേഷന്‍ ആഗസ്റ്റില്‍ തന്നെ ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.. (ഓണം നൈറ്റ്‌, ഓണം വില്ലേജ്‌) വുഡ്-ലാന്‍റ്‌സ് ഗാലക്സി കമ്യുണിറ്റി ക്ലബ്‌ അംഗങ്ങളുടെ ഓണാഘോഷവും ഓണസദ്യയും ശനിയാഴ്ച –ഉത്രാടത്തിനു സംഘടിപ്പിച്ചു.

മറ്റു സംഘടനകള്‍ ഓണത്തിന് ശേഷം പരിപാടികള്‍ സംഘടിപ്പിക്കും. കല സിംഗപ്പൂര്‍ മെഗാ മാജിക് ഷോ ആണ് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 27 ന് കലാങ്ങ് തീയേറ്ററില്‍ വച്ചാണ് പരിപാടി. ചോന്ഗ് പാന്ഗ് കമ്യുണിറ്റി ക്ലബ്‌ സംഘടിപ്പിക്കുന്ന ഓണ നിലാവ്, സെപ്റ്റംബര്‍ 28 ന് ചോന്ഗ് പാന്ഗ് സിസി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പുങ്കോല്‍ സിസി. സെപ്റ്റംബര്‍ 21 നും, വുഡ്-ലാന്‍റ്‌സ് സിസി സെപ്റ്റംബര്‍ 27 നും ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. സൗഹൃദ കൂട്ടായ്മ എംഐഎസ്, അംഗങ്ങളുടെ ഒത്തുചേരലും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.. ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍, എന്‍.ബി.കെഎല്‍, ഹോഗാങ്ങ് സിസി, ചോച്ചുകാങ്ങ് സിസി തുടങ്ങി മറ്റ് മലയാളി സംഘടനകളും സ്ഥാപനങ്ങളും അംഗങ്ങളുടെ ഒത്തുചേരലും പരിപാടികളും ഈ ഓണക്കാലത്തും നടത്തുന്നുണ്ട്.

 എല്ലാ വായനക്കാര്‍ക്കും പ്രവാസി എക്സ്പ്രസ് ഐശ്വര്യസമ്പന്നമായ ഒരു പൊന്നോണം നേരുന്നു