വ്യവസായസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കേരളം

0

കേരളത്തില്‍ കൂടുതല്‍  വ്യവസായസംരംഭകരെ സൃഷ്ടിക്കാനും, യുവ സംരംഭകര്‍ക്ക് പ്രചോദനം നല്‍കാനും ലക്ഷ്യമിട്ടുകൊണ്ട്, സര്‍ക്കാര്‍ "സ്റ്റാര്‍ട്ട്‌ അപ് ആന്‍ഡ്‌ ഇന്നൊവേഷന്‍ പോളിസി" അടുത്ത് തന്നെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. പ്രസ്തുത പോളിസിയുടെ കരടുരൂപം തയ്യറായിക്കഴിഞ്ഞുവെന്നും ഉടന്‍തന്നെ നടപ്പില്‍ വരുത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈ-ടെക് പാര്‍ക്കില്‍, "ടെക്നോപാര്‍ക്ക് ടെക്നോളജി ഇന്‍ക്യുബേറ്റര്‍" പ്രൊജക്റ്റിനോടനുബന്ധിച്ചുള്ള ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   

വിദ്യാര്‍ഥി സംരംഭകരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും, കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സ്സലര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ യോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുവാക്കള്‍ തൊഴില്‍ അന്വേഷികളെക്കാള്‍, തൊഴില്‍ ദാതാക്കളാകാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.  പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍, പുതുതായി പ്രവര്‍ത്തനമാരംഭിച്ച ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍, നാല്‍പതോളം പുതുസംരംഭങ്ങള്‍ക്ക്‌ പ്രാരംഭ സഹായങ്ങള്‍ ചെയ്യാന്‍ പ്രാപ്തമാണ്. വാര്‍ത്താവിനിമയം, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എന്നിവ കൂടാതെ, കൃഷി, ഇലക്ട്രോണിക്സ്, ടൂറിസം, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളില്‍കൂടി സംരംഭകര്‍ക്ക് ആവശ്യമായ സഹായം നല്‍കാനാണ് ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ ലക്ഷ്യമിടുന്നത്.

ടെക്നോളജി ഇന്നൊവേഷന്‍ സോണിനാവശ്യമായ എല്ലാ പൊതുമരാമത്ത് പണികളും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന്, വകുപ്പ് മന്ത്രി ശ്രീ വികെ ഇബ്രാഹിം കുഞ്ഞ് യോഗത്തില്‍ പറഞ്ഞു. ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ കേരളത്തില്‍ ഒരു "സംരംഭക വിപ്ലവം" തന്നെ സൃഷ്ട്ടിക്കുമെന്ന് ഇന്‍ഫോ പാര്‍ക്കിന്റെയും  ടെക്നോപാര്‍ക്ക് ടെക്നോളജി ഇന്‍ക്യുബേറ്ററിന്റെയും സിഇഒ ആയ, ഹൃഷികേശ് നായര്‍ പറഞ്ഞു.