ഫ്ലൈ സ്കൂട്ട് ചെന്നൈ ,അമൃത്സര്‍ ,ജയ്‌പ്പൂര്‍ സര്‍വീസ് ആരംഭിക്കുന്നു

0

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഭാഗമായ ഫ്ലൈ സ്ക്കൂട്ട് മെയ്‌ മാസം 24 മുതല്‍  സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും .ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധനവാണ് പുതിയ സര്‍വീസുകള്‍ ഇന്ത്യയിലേക്ക് ആരംഭിക്കുവാന്‍ ബജറ്റ് എയര്‍ലൈന്‍സായ ഫ്ലൈ സ്കൂട്ടിനെ പ്രേരിപ്പിച്ചത് .തുടക്കത്തില്‍ ചെന്നൈ ,അമൃത്സര്‍ എന്നീ നഗരങ്ങളിലേക്കും ,ഒക്ടോബര്‍ മുതല്‍ ജയ്‌പ്പൂരിലെക്കുമുള്ള സര്‍വീസുകള്‍ ആരംഭിക്കും .പുതിയ സര്‍വീസ് തുടങ്ങുന്നതിനോടനുബന്ധിച്ചു 99 സിംഗപ്പൂര്‍ ഡോളര്‍ എന്ന ആകര്‍ഷണീയമായ    ഓഫര്‍ ഫ്ലൈ സ്കൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . . 

ഏറ്റവും പുതിയ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക .ചെന്നൈയിലേക്ക് കൂടുതല്‍ സീറ്റുകള്‍ക്ക്   ബൈലാറ്ററല്‍ നിയമം അനുവദിക്കാത്തതിനാല്‍ ടിഗര്‍ എയര്‍ സര്‍വീസ് അവസാനിപ്പിക്കുകയും ആ സീറ്റുകള്‍ ഫ്ലൈ സ്കൂട്ട് ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത് .അമൃത്സര്‍ ,ജയ്‌പ്പൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് നിലവില്‍ സിംഗപ്പൂരില്‍ നിന്ന് സര്‍വീസുകള്‍ ഒന്നുമില്ല .മലിന്‍ഡോ എയര്‍ കൊലാലംപൂരില്‍ നിന്ന് അമൃത്സറിലേക്ക് സര്‍വീസ് നടത്തുന്നുണ്ട് .അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ഡ്രീംലൈനര്‍ വിമാനത്തില്‍ 400-ഓളം ആളുകള്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും .കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സൗകര്യം ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് ഫ്ലൈ സ്കൂട്ട് പ്രതീക്ഷിക്കുന്നു .ഇതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ,സില്‍ക്ക് എയര്‍ ,ടൈഗര്‍ എയര്‍,ഫ്ലൈ സ്കൂട്ട് എന്നീ എസ് ഐ എ -യുടെ 4 വിഭാഗങ്ങളും ഇന്ത്യയിലേക്ക്‌ സര്‍വീസ് നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.