ഇനിയിപ്പോ ഇത് കിട്ടീട്ടു വേണമല്ലോ, കോരന് കഞ്ഞി വെച്ച് കുടിക്കാന്‍. ഉള്ളത് നേരെ ആക്കാതെ ഇത്രേം അഴിമതിക്ക് സാധ്യതയുള്ള ഒരു പദ്ധതിക്ക് വഴിവിളക്ക് കാട്ടുന്നവര്‍ എന്തേ, ഇതിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കുന്നവരെ കുറിച്ചും അവരുടെ നോവുകളെക്കുറിച്ചും ചിന്തിക്കുന്നില്ല ?
തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയാണ് , ഉദ്ദേശം 1.7 ലക്ഷം കോടി ചെലവ് വരുന്ന ഈ അതിവേഗ റെയില്‍ ഇടനാഴി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്ത് എത്താന്‍ ഏകദേശം 2.30 മണിക്കൂര്‍ മതിയാവും എന്നാണു ഇപ്പോഴത്തെ വാഗ്ദാനം. അത്രേം പെട്ടെന്ന് അവിടെ എത്തീട്ട് ആര്‍ക്ക് എന്ത് ചെയ്യാന്‍ ആണ് ? അങ്ങനെ പോകേണ്ട ആളുകള്‍ക്ക് വിമാനമാര്‍ഗ്ഗം ഉപയോഗിക്കാവുന്നതല്ലെ ? മാത്രമല്ല ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച്, പുതിയ ട്രെയിന്‍ സൗകര്യം ഉപയോഗിക്കുന്നതിനു ഏകദേശം വിമാനമാര്‍ഗ്ഗത്തിന്‍റെ ഇരട്ടിയോളം ചെലവ് വരും. (മാധ്യമങ്ങളില്‍ കണ്ടത്).
ഇപ്പോഴുള്ള ജനശതാബ്ദി പോലുള്ള ട്രെയിനുകള്‍ കൂട്ടി പരിഹരിക്കാവുന്ന രീതികള്‍ എന്തേ ആര്‍ക്കും ദഹിക്കുന്നില്ല? എല്ലാ റെയില്‍ ബജറ്റുകളിലും "കേരളത്തെ ഇത്തവണയും അവഗണിച്ചു" എന്ന് പത്രങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ആരും എന്ത് കൊണ്ട് മിണ്ടുന്നില്ല? അതിനു പകരം, കൈ ഇട്ടു വാരാന്‍ പറ്റുന്ന ഒരു "ചക്കരക്കുടം" ഇവിടെ കൊണ്ടുവരാന്‍ ആര്‍ക്കാണ് ഇത്ര തിടുക്കം? ഈ പറഞ്ഞ പദ്ധതിയുടെ നൂറില്‍ ഒരംശം മാത്രം മതി ഇപ്പോഴുള്ള സൗകര്യങ്ങല്‍ മെച്ചപ്പെടുത്താന്‍.
കുറഞ്ഞ അന്തരീക്ഷമലിനീകരണം, ഉയര്ന്ന ഊര്ജ്ജ-ക്ഷമത, കുറഞ്ഞ അപകടസാധ്യത തുടങ്ങി, നിരത്തുന്ന വാഗ്ദാനങ്ങള്‍ ചില്ലറയല്ല. പക്ഷെ, കുറെ ജപ്പാന്‍ ചിത്രങ്ങള്‍ കാണിച്ചു ഒരു സ്ലൈഡ് ഷോ തയ്യാറാക്കി കാണിക്കുന്നവര്‍, അവിടെ പദ്ധതികള്‍ എങ്ങനെ, എത്ര പെട്ടെന്ന് നടപ്പിലാക്കുന്നു എന്ന് പരിശോധിച്ചിട്ടുണ്ടോ? എന്തിനു ജപ്പാന്‍, തൊട്ടടുത്ത തമിഴ്നാട്ടില്‍ പോലും സൂപ്പര്‍ എക്സ്പ്രസ്സ് ദേശീയ പാതകള്‍ പണി തീര്‍ത്ത് ഉപയോഗത്തിന് കൊടുക്കുമ്പോള്‍, ഇവിടെ ഒരു ബേക്കറി ഫ്ലൈഓവര്‍ അല്ലേല്‍ ഒരു ദേശീയപാത നവീകരണം തീര്‍ക്കാന്‍ എടുക്കുന്ന സമയം ആരൊക്കെ കണക്കു കൂട്ടിയിട്ടുണ്ട് ?
മാത്രമല്ല, ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കി വേണം പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ എന്നിരിക്കെ, ഈ പറഞ്ഞ അതിവേഗ റെയില്‍ ഇടനാഴി പദ്ധതി കാരണം ഭൂമി നഷ്ടപ്പെടാന്‍ പോകുന്നത് 6306 പേര്‍ക്കാണ്. ദേശീയപാത നവീകരണം പോലുള്ള പദ്ധതികളില്‍, ഇത്തരം ഭൂരഹിതരായവര്‍ക്ക് ലഭിച്ച നഷ്ടപരിഹാരവും മോശം അനുഭവങ്ങളും ഈ പദ്ധതിയോടുള്ള വെറുപ്പ് കൂട്ടുകയെ ഉള്ളൂ. എന്ത് കൊണ്ട് ജനവാസകേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കികൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും താല്പര്യം കാണുന്നില്ല ?
ഒരു പിന്തിരിപ്പന്‍ കുറിപ്പായി ഇതിനെ നിങ്ങള്‍ കണ്ടേക്കാം, വികസനവിരോധി എന്ന് വിളിച്ചേക്കാം, പക്ഷെ "ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുമ്പോ കാണാന്‍ നല്ല ചേലാണ് " എന്നൊരു ചൊല്ലുണ്ട്. നാളെ നിങ്ങളും ഇതില്‍ ഇരയാവും; അപ്പോഴും മുഖത്ത് ഈ പുച്ഛം വരുന്നുണ്ടോ എന്ന് നോക്കണം.