കൊൽകത്ത : ആറാമത് ഐ പി എല്‍ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം മുംബൈ ഇന്ത്യൻസിന് .ഞായറാഴ്ച നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പർ കിങ്ങ്സിനെ 23 റണ്‍സിന് തറ പറ്റിച്ചാണ് മുംബൈ കിരീടം സ്വന്തമാക്കിയത് .ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ ഒന്പത് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. എന്നാല്‍, ഈ വിജയലക്ഷ്യം പിന്തുടരാനാകാതെ 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സിനു ചെന്നൈയുടെ ഇന്നിംഗസ് അവസാനിച്ചു. 32 പന്തില്‍ 60 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് വീഴുത്തുകയും ചെയ്ത പൊള്ളാർഡ് ആണ് മുംബൈയുടെ വിജയശില്പി. ചെന്നൈയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ധോണി അർദ്ധസെഞ്ച്വറി (63) നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ തുടക്കത്തിൽ കിതച്ചുവെങ്കിലും നാലാം വിക്കറ്റിൽ കാർത്തിക്കുമായും അഞ്ചാം വിക്കറ്റിൽ രായിടുവുമായും ചേർന്ന് പൊള്ളാർഡ് നടത്തിയ രക്ഷാപ്രവർത്തനം മാന്യമായ സ്കോറിൽ എത്താൻ സഹായിച്ചു. 149 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. മൂന്നു മുൻനിര ബാറ്സ്മാന്മാർ അടക്കം നാല് ബാറ്സ്മാൻമാരാണ് റണ്‍ ഒന്നും എടുക്കാതെ പുറത്തായത്. 39 റണ്‍സ് എടുക്കുന്നതിനിടയിൽ ആറ് വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈയ്ക്ക് വേണ്ടി ക്യാപ്റ്റൻ ധോണി പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിൽ എത്താൻ ആയില്ല. ചെന്നൈക്ക് വേണ്ടി ബ്രാവോ നാല് വിക്കറ്റും മുംബൈയ്ക്ക് വേണ്ടി ജോണ്‍സൻ, ഹർഭജൻ , മലിംഗ എന്നിവര് രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.
ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് തോറ്റ മുംബൈക്ക് മധുരപ്രതികാരമായി ഈ വിജയം. തുടര്ച്ചയായി മൂന്നാം തവണയാണ് ചെന്നൈ സൂപ്പർ കിങ്ങ്സ് ഐ പി എൽ ഫൈനലിൽ പരാജയപ്പെടുന്നത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റണ്‍ നേടിയതിനുള്ള ഓറഞ്ച് കാപ് ചെന്നൈയുടെ മൈക്ക് ഹസ്സിയും , കൂടുതൽ വിക്കറ്റുകൾക്ക് ഉള്ള പർപ്പിൾ കാപ് ചെന്നൈയുടെ തന്നെ ബ്രാവോയും നേടി. ഫൈനലിൽ മാറ്റുരച്ച ഇരു ടീമുകൾക്കും ഒപ്പം മൂന്നാം സ്ഥാനത്ത് എത്തിയ രാജസ്ഥാൻ റോയൽസും ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനു യോഗ്യത നേടിയിട്ടുണ്ട്.