ഓരോ തുള്ളി വെള്ളവും അമൂല്യം, ഭൂഗര്‍ഭ ജലം വന്‍ തോതില്‍ വറ്റിക്കൊണ്ടിരിക്കുകയാണ്.

0

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, എര്‍വിനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠന പ്രകാരം ലോകത്തില്‍ പല ഭാഗങ്ങളിലായുള്ള പ്രധാനപ്പെട്ട മുപ്പത്തിയേഴ് അക്വിഫെറുകളില്‍ ഭൂരി ഭാഗവും വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. നാസയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വച്ച് ടോട്ടല്‍ ഗ്രൗണ്ട് വാട്ടര്‍ സ്ട്രെസ് (TGS) അതായത്,  സംഭരിയ്ക്കുന്ന ജലവും, അത് പല ആവശ്യങ്ങള്‍ക്കായ് എടുക്കുമ്പോള്‍ വരുന്ന കുറവും തമ്മിലുള്ള അനുപാതം നോക്കിയാല്‍ ഓരോ അക്വിഫെറുകളും നിറയുന്നതിലും വേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. ഈ ശുദ്ധ ജലസംഭരണികളുടെ വരള്‍ച്ച ഭൂഗര്‍ഭ ജലത്തിന്റെ വിരളതയെയാണ് സൂചിപ്പിക്കുന്നത്.

മഴയായും, ജല നിര്‍ഗ്ഗമന മാര്‍ഗ്ഗത്തിലൂടെയും മറ്റും ജലം മണ്ണും,  മണലും, പാറക്കെട്ടുകളും വഴി അരിച്ചിറങ്ങി ശുദ്ധ ജലമായി സംഭരിക്കപ്പെടുകയാണ് അക്വിഫെറുകളില്‍. രണ്ടു ബില്ല്യണിലധികം ജനങ്ങളും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കുന്നത് അക്വിഫെറുകളില്‍ നിന്നുമുള്ള വെള്ളമാണ്, കൂടാതെ ലോകത്തിലെ 20 ശതമാനം ജനങ്ങളും കൃഷിയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നത് അക്വിഫെറുകളെ ആണ്.

 വടക്കന്‍ ആഫ്രിക്കയുടെ ഭൂരി ഭാഗം സ്ഥലങ്ങളിലേക്കുമുള്ള ശുദ്ധ ജല ഉറവിടമായ, 'നോര്‍ത്ത് വെസ്റ്റ് സഹാറ അക്വിഫെര്‍' അടുത്ത 50 വര്‍ഷത്തിനുള്ളില്‍ 90 ശതമാനവും വറ്റാന്‍ സാധ്യതയുണ്ട്.

കൃഷി ചെയ്യാനും, മറ്റും ആവശ്യത്തിലധികം വെള്ളം പമ്പ് ചെയ്തു പാഴാക്കുന്നതിനു പുറമേ പെട്രോള്‍ വ്യവസായത്തിലും ഭൂഗര്‍ഭ ജലം അമിതമായി നഷ്ടമാകുന്നുണ്ട്. വെള്ളം പാഴാക്കാതിരിക്കുക, മരങ്ങള്‍ നശിപ്പിക്കാതിരിക്കുക, കാടുകളും, പുഴകളും, സംരക്ഷിക്കുക, പ്രകൃതിയെ മലിനമാക്കാതിരിയ്ക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വഴി ഭാവിയില്‍ ഒരു പരിധി വരെ ജലക്ഷാമം തടയാന്‍ കഴിയും. അല്ലെങ്കില്‍ കുടിവെള്ളമില്ലാതെ ലോകം വലയുന്ന ഒരു കാലം വന്നു ചേരാം