വുഡ് ലാന്‍ഡ്സ് : ജോഹോറില്‍ 4000 ഏക്കറോളം കടല്‍ മലേഷ്യ നികത്തുന്നു.പദ്ധതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുവാന്‍ സിംഗപ്പൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന നിഗമനത്തില്‍ കടല്‍ നികത്തല്‍ പുനരാരംഭിച്ചു .വന്‍കിട ഫ്ലാറ്റുകള്‍ ,റിസോര്‍ട്ടുകള്‍ ,സ്റ്റേഡിയം,മാളുകള്‍ ,സ്കൈ പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളുള്ള പുതിയ ഫോറസ്റ്റ് സിറ്റി സിംഗപ്പൂരിലെ സെന്‍ടോസ ഐലാണ്ടിന്റെ മൂന്നിരട്ടിയോളം വലുപ്പമുള്ളതായിരിക്കും .
ചൈനയിലെ വന്‍കിട നിര്‍മ്മാണ കമ്പനിയായ കണ്‍ട്രി ഗാര്‍ഡനാണ് പദ്ധതിയുടെ ചുമതല .ഏകദേശം 600ബില്ല്യന്‍ മലേഷ്യന്‍ രിന്ഗ്ഗിറ്റ് ഇതിനായി ചെലവ് വരുമെന്നാണ് കരുതുന്നത്.സിംഗപ്പൂരില്‍ നിന്നുള്ള ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് സിറ്റി രൂപ കല്‍പ്പന ചെയ്യുന്നത് .
എന്നാല്‍ മണ്ണിട്ട് നികത്തുന്നത് സിംഗപ്പൂരിനെയും മലേഷ്യയെയും ഒരുപോലെ ബാധിക്കുമെന്ന് സിംഗപ്പൂര്‍ പറയുന്നു .അതുകൊണ്ട് കൂടുതല്‍ പഠനം നടത്തുന്നത് വരെ പണികള്‍ നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു .പണികള്‍ തുടങ്ങിയതോടെ സമീപപ്രദേശത്തെ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയിരുന്നു.ജോഹോറിലെ മത്സ്യതൊഴിലാളികള്‍ ഇതിനോടകം പ്രതിഷേധവുമായി രംഗത്തുവന്നു .എന്നാല്‍ ഫോറസ്റ്റ് സിറ്റിയുമായി മുന്നോട്ടു പോകുവാനാണ് മലേഷ്യന്‍ സര്‍ക്കാര്‍ നീക്കം .പണികള്‍ പൂര്‍ത്തിയാകുന്നതോടെ കോസ് വേയില്‍ സിംഗപ്പൂരുമായുള്ള ദൂരം 290 മീറ്ററായി ചുരുങ്ങും .