രൂപയെ തകര്‍ക്കാന്‍ സിംഗപ്പൂര്‍ കമ്മോഡിറ്റി എക്സ്‌ചേഞ്ചും ?

0

സിംഗപ്പൂര്‍ : അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ  ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് . 58.96 വരെ ചൊവ്വാഴ്ച രൂപയുടെ വിനിമയ നിരക്ക് താഴ്ന്നിരുന്നു. അതായത്, ഒരു അമേരിക്കന്‍ ഡോളര്‍ ലഭിക്കണമെങ്കില്‍ 58.96 ഇന്ത്യന്‍ രൂപ നല്‍കേണ്ട അവസ്ഥ.കഴിഞ്ഞ ആറാഴ്ചകൊണ്ട് 9-10 ശതമാനവും ജൂണ്‍ തുടങ്ങിയ ശേഷം ഏതാണ്ട് മൂന്നുശതമാനത്തോളവുമാണ് രൂപയുടെ മൂല്യം കുറഞ്ഞത്. ഇതോടെ ഏഷ്യയിലെ തന്നെ ഏറ്റവും ദുര്‍ബലമായ കറന്‍സിയായും രൂപ മാറി.

അമേരിക്കന്‍  ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് ഇടിവ് നേരിടുന്നതിന് പിന്നില്‍  ആഗോള മേഖലയിലെ വൻകിട ഊഹക്കച്ചവടക്കാരാണെന്ന സംശയം ശക്തമാകുന്നു. വിദേശ രാജ്യങ്ങളിലെ വിപണികളില്‍  അവധി വ്യാപാര സാധ്യതകള്‍  ഉപയോഗപ്പെടുത്തി വന്‍കിട ഊഹക്കച്ചവടക്കാര്‍  രൂപയുടെ മേല്‍  വില്‌പന സമ്മര്‍ദ്ദം സൃഷ്‌ടിക്കുകയാണെന്ന സൂചനകള്‍  ലഭിച്ചതോടെ റിസര്‍ വ് ബാങ്കും ഇക്കാര്യത്തില്‍  അന്വേഷണം ആരംഭിച്ചു.സിംഗപ്പൂര്‍  കമ്മോഡിറ്റി എക്സ്‌ചേഞ്ച്, ദുബായ് ഗോള്‍ ഡ് ആന്‍ഡ് കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളില്‍  നടക്കുന്ന രൂപയുടെ അവധി വ്യാപാരത്തിലാണ് ഊഹക്കച്ചവടക്കാര്‍  പിടിമുറുക്കിയത്. 

ഈ വര്‍ഷം ഇന്ത്യന്‍  ഓഹരി വിപണിയിലേക്ക് വന്‍തോതില്‍  വിദേശ നിക്ഷേപം ഒഴുകിയെത്തിയിട്ടും ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലേക്കും ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതാണ് ഊഹക്കച്ചവടക്കാരുടെ ഇടപെടലിന്റെ സാധ്യതകള്‍  പരിശോധിക്കാന്‍  റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുന്നത്. സിംഗപ്പൂര്‍ , ദുബായ് തുടങ്ങിയ വിപണികളിലെ രൂപയുടെ അവധി വ്യാപാരത്തില്‍  റിസർവ് ബാങ്കിന് നിയന്ത്രണമൊന്നുമില്ല.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ പണലഭ്യതാ നയം പുനപരിശോധിക്കാന്‍ ആലോചനയുണ്ടെന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ ചെയര്‍മാന്‍ ബെന്‍ ബര്‍ണാങ്കെയുടെ പ്രസ്താവനയാണ് കുത്തനെയൊരു മൂല്യത്തകര്‍ച്ചക്ക് വഴിയൊരുക്കിയത് എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു .എന്നാല്‍ കൂടുതല്‍ പഠനത്തിന് ശേഷമേ രൂപയുടെമേല്‍ കരുതിക്കൂട്ടിയുള്ള എന്തെങ്കിലും ആക്രമണംഉണ്ടായിട്ടുണ്ടോ എന്ന് പറയാന്‍ കഴിയുകയുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത് .