സിംഗപ്പൂര്‍ പൗരത്വമുള്ളവര്‍ മാതാപിതാക്കളായ കുഞ്ഞുങ്ങള്‍ കുറയുന്നു:ഐസിഎ

0

സിംഗപ്പൂര്‍ : കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ ജനിച്ച 44,663 കുട്ടികളില്‍ പകുതി പേരുടെ മാതാപിതാക്കള്‍ മാത്രമാണ് സിംഗപ്പൂര്‍ പൌരന്മാരെന്നു ഐസിഎ(ICA) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു .ബാക്കി കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ രണ്ടു പേരോ ,അല്ലെങ്കില്‍ ഒരാളോ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ് .ഇത്തരത്തിലുള്ള വിദേശീയരുടെ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് 

കഴിഞ്ഞ വര്‍ഷം സിംഗപ്പൂര്‍ പൗരത്വം ഉള്ളവരുടെ കുട്ടികള്‍ 22,650 (മൊത്തം കുട്ടികളുടെ 53.1 % മാത്രം ) മാത്രമാണ് .ഇതിനു മുന്നെയുള്ള കാലയളവില്‍ 31,308 കുട്ടികളായിരുന്നു ഈ വിഭാഗത്തില്‍ ജനിച്ചത്‌ .എന്നാല്‍ വിദേശികളുടെ കുട്ടികളില്‍ ഏകദേശം ഇരട്ടിയോളം വര്‍ധനവ്‌ രേഖപ്പെടുത്തി .സിംഗപ്പൂര്‍ ജനത കല്യാണം ഉപേക്ഷിക്കുന്നതും ,അന്യരാജ്യക്കാരെ വിവാഹം ചെയ്യുന്നതുമാണ് ഇതിനു കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത് .

അതെ സമയം 2000-ഇല്‍  1 മില്ല്യണ്‍ മാത്രമായിരുന്ന വിദേശികള്‍ കഴിഞ്ഞ വര്‍ഷത്തോടെ 2 മില്ല്യണ്‍ ആയി വര്‍ദ്ധിച്ചത് മറുനാടന്‍  കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ ഇടയാക്കി . ഇന്ത്യ ,പാക്കിസ്ഥാന്‍ ,ശ്രി ലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുട്ടികളുടെ ജനനനിരക്ക്   4.5% ആയിരുന്നു കഴിഞ്ഞ വര്‍ഷം .12 വര്‍ഷം മുന്‍പുണ്ടായതിനെക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നത് .

ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ വരവ് വര്‍ദ്ധിച്ചപ്പോള്‍ ചൈന ,മലേഷ്യ എന്നിവരുടെ എണ്ണത്തില്‍ കുറവാണ് ഉണ്ടായിരിക്കുന്നത് .അന്യരാജ്യക്കാരുടെ കുട്ടികള്‍ എത്രനാള്‍ സിംഗപ്പൂരില്‍ നില്‍ക്കുമെന്ന ചോദ്യമാണ് ഇന്നു സിംഗപ്പൂര്‍ സര്‍ക്കാര്‍ നേരിടുന്ന പ്രധാന  വെല്ലുവിളി .പ്രായമായവര്‍ വര്‍ധിച്ചുവരുമ്പോള്‍ കുട്ടികള്‍ അതനുസരിച്ച് വര്‍ധിക്കാത്തത് വികസിതരാജ്യം എന്ന നിലയില്‍ സിംഗപ്പൂരിനെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് .ജോലി ചെയ്യാന്‍ സന്നദ്ധരായ യുവജനങ്ങള്‍ ഇല്ലാത്തത് രാജ്യപുരോഗതിയെ ഗണ്യമായ രീതിയില്‍ ബാധിക്കും .ഈ സാഹചര്യത്തില്‍ അന്യദേശക്കാര്‍ സിംഗപ്പൂരില്‍ വന്നു ജോലി ചെയ്യാതെ നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയിലാണ് വളര്‍ന്നു വരുന്ന ഈ കൊച്ചുരാജ്യം .