സിംഗപ്പൂര്‍ : ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിനിമയ നിരക്ക് പുതിയ റെക്കോര്‍ഡിലേക്ക്. XE കറന്‍സി ചാര്‍ട്ട് നല്‍കുന്ന വിവരമനുസരിച്ച് ഒരു സമയത്ത് സിംഗപ്പൂര്‍ ഡോളര്‍ വാങ്ങുവാന്‍ 50.505 രൂപ വരെ കൊടുക്കേണ്ട നിലയിലേക്ക് രൂപ കൂപ്പുകുത്തിയിരിക്കുകയാണ് .സിംഗപ്പൂരിലുള്ള പ്രവാസി ഭാരതീയര്‍ സ്വപ്നത്തില്‍പ്പോലും കാണാത്ത വിനിമയനിരക്കായിരുന്ന 50 എന്ന നിലയിലേക്ക് രൂപ ഇടിഞ്ഞപ്പോള്‍ സന്തോഷവും ദുഖവും ഒരുപോലെ പ്രകടിപ്പിച്ചുകൊണ്ടാണ് ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത് .
ഇന്ന് ഉച്ച കഴിഞ്ഞുള്ള വ്യാപാരത്തില്‍ രൂപ 64.44 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കു വീഴുകയായിരുന്നു.സെന്‍സെക്‌സ് 400ലേറെ പോയിന്റ് ഇടിഞ്ഞ് പതിനെണ്ണായിരത്തിലെത്തി. സെന്‍സെക്‌സും നിഫ്റ്റിയും ഒരുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍.രാവിലത്തെ വ്യാപാരത്തില്‍ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്താതെ രൂപ പിടിച്ചുനിന്നതോടെ ഓഹരി വിപണിയിലും മുന്നേറ്റം ദൃശ്യമായിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി രൂപയുടെ മൂല്യം കുത്തനെ താഴ്‌ന്നതോടെ ഓഹരിവിപണിയിലും ഇത് പ്രതിഫലിച്ചു. സെന്‍സെക്‌സ് 400 പോയിന്റും നിഫ്‌റ്റി 122 പോയിന്റും ഇടിഞ്ഞു.
ചില വിദേശ ബാങ്കുകള്‍ കറന്‍സി മാര്‍ക്കറ്റില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതായും സൂചനയുണ്ട്. അവധി വ്യാപാരത്തിലും വിദേശ ബാങ്കുകള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.ഇറക്കുമതിക്കാരില്‍നിന്ന് ഡോളറിന് ശക്തമായ ഡിമാന്‍ഡ് ഉയര്‍ന്നതിനുപുറമെ രാജ്യാന്തര പണവിപണികളില്‍ ഡോളര്‍ കൂടുതല്‍ ശക്തി നേടിയതുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് വഴിയൊരുക്കിയത്.
അമേക്കരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിൽ ഇന്ത്യൻ സാമ്പത്തിക ലോകത്ത് ആശങ്കയേറുകയാണെങ്കിലും പ്രവാസി ഇന്ത്യക്കാർ ഇതിന്റെ നേട്ടമുണ്ടാക്കാനുള്ള തിരക്കിലാണ്. നാട്ടിലേക്ക് പരമാവധി പണമയച്ച് ഇപ്പോഴത്തെ സാഹചര്യം അനുകൂലമാക്കാനാണ് അവരുടെ നീക്കം. സിംഗപ്പൂര്‍ ഡോളര്‍ 50 രൂപ വരെ എത്തിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേക്ക് വന്‍ തോതില്‍ പണം അയക്കുന്നതായി വിവിധ ബാങ്കുകളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു .നിലവില്‍ ഏഷ്യയില്‍ ഏറ്റവും ദുര്‍ബലമായ കറന്‍സി എന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക് നിലകൊള്ളുന്നത്. 2013ല്‍ മാത്രം 10.8 ശതമാനം ഇടിവുണ്ടായി. ആഗസ്തില്‍ ഇതുവരെ 4.5 ശതമാനം ഇടിഞ്ഞുകഴിഞ്ഞു. വിദേശ നിക്ഷേപത്തെ സര്‍ക്കാര്‍ വഴിവിട്ട് പോത്സാഹിപ്പിക്കുന്നതാണ് പലപ്പോഴും രൂപയുടെ വന്‍തകര്‍ച്ചക്ക് വഴിവയ്ക്കുന്നത്.
എന്നാല്‍ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞതോടെ വിദേശമലയാളികളുടെ കേരളത്തിലെ നിക്ഷേപത്തില്‍ വന്‍വര്‍ദ്ധന. വാണിജ്യ ബാങ്കുകളിലെ പ്രവാസിനിക്ഷേപം മുക്കാല്‍ ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ മൂന്നുമാസംകൊണ്ട് 9510 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്.