ഇന്ത്യക്കാരെ വീഴ്ത്താന്‍ സിംഗപ്പൂര്‍ ബാങ്കുകള്‍ രംഗത്ത്

0

സിറ്റി ഹാള്‍ : രൂപയുടെ മൂല്യത്തകര്‍ച്ച മുതലാക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ഇന്ത്യക്കാരെ വീഴ്ത്താനായി സിംഗപ്പൂര്‍ ബാങ്കുകളുടെ പുത്തന്‍  വിപണനനയം .കുറച്ചു ദിവസങ്ങളായി മെട്രോ സ്റ്റേഷനുകളില്‍ സ്ഥിരം കാണാറുള്ള ബാങ്ക്  ബൂത്തുകളുടെ പ്രധാന ലക്ഷ്യം ഇന്ത്യക്കാരെ ലോണ്‍ കൊടുത്തു ആകര്‍ഷിക്കുക എന്നതായിരുന്നു .സസൂക്ഷ്മം വീക്ഷിച്ച ഇവരുടെ പ്രധാന ലക്ഷ്യം ജോലി കഴിഞ്ഞു മടങ്ങുന്ന ഇന്ത്യക്കാര്‍ ആയിരുന്നു .ഇതുകൂടാതെ ചില ബാങ്ക് ഉദ്ധ്യോഗസ്ഥര്‍ രൂപയുടെ വിലയിടിവിനെ പറ്റി സൂചിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു സംസാരം എന്നതും ശ്രദ്ധേയമായി .

കുറഞ്ഞ നിരക്കില്‍ പലിശയ്ക്കു പണം ലഭിക്കുമെന്ന കാരണത്താല്‍ പല ഇന്ത്യക്കാരും ലോണ്‍ എടുത്തു നാട്ടിലേക്കു പണം അയയ്ക്കാന്‍ തയ്യാറാകുന്നു എന്ന തന്ത്രമാണ് ബാങ്കുകള്‍ ഇവിടെ ഉപയോഗപ്പെടുത്തുന്നത് . എന്നാല്‍ പണം കൈയിലുള്ള ബിസിനസുകാരാകട്ടെ ഇനിയൂം രൂപ താഴോട്ടുപോകുമെന്ന നിഗമനത്തില്‍ കാത്തിരിക്കുകയാണ്.അതേസമയം രൂപയെപോലെ തന്നെ പാകിസ്താന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് കറന്‍സികള്‍ക്കും കാര്യമായ വിലയിടിവുണ്ടായിട്ടുണ്ടെങ്കിലും പണം മാറാന്‍ ഇന്ത്യന്‍ പ്രവാസികള്‍ കാണിക്കുന്ന താല്പര്യം അവരില്‍ കാണാനില്ലെന്ന് ധന വിനിമയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പറയുന്നു.

എന്നാല്‍ ഡോളറിന്റെ ഈ കുതിച്ചുകയറ്റം ബംഗ്ളാദേശി കറന്‍സിയെ തീരെ ബാധിച്ചിട്ടില്ലെന്ന പ്രത്യേകതയുണ്ട്.ഇതേ സമയം ലോണ്‍ എടുത്തു നാട്ടിലേക്ക് പണം അയയ്ക്കുന്നത് നല്ല പ്രവണതയല്ലെന്ന അഭിപ്രായമാണ് പ്രമുഖര്‍ നല്‍കുന്നത് .