സിംഗപ്പൂര്‍ സ്വദേശിവല്‍ക്കരണം കൂട്ടാന്‍ നിയമം കര്‍ശനമാക്കുന്നു.

0

സിംഗപ്പൂര്‍: പ്രാഗത്ഭ്യജോലി (പ്രൊഫെഷണല്‍ സ്കില്‍ഡ് ജോബ്‌) ഒഴിവുകളിലേക്ക് കൂടുതല്‍ സ്വദേശികളെ പരിഗണിക്കണം എന്ന നിബന്ധന കര്‍ശനമാക്കി പുതിയ നിയമങ്ങള്‍ തിങ്കള്‍ മുതല്‍ നിലവില്‍ വന്നു. ഇത് പ്രകാരം സിംഗപ്പൂര്‍ കമ്പനികള്‍ വിദേശത്തു നിന്നും പുതിയ ജോലിക്കാരെ നിയമിക്കുന്നതിനു മുന്‍പ് സിംഗപ്പൂരിയന്‍സ് ആയ തദ്ദേശ വാസികളെ പരിഗണിക്കേണ്ടത് അനിവാര്യമാകും.

പുതിയ നിയമ പ്രകാരം ഈ.പി ശമ്പള മാനദണ്ഡത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന്‍മേല്‍ 2014 ജനുവരി മുതല്‍ കുറഞ്ഞ മാസശമ്പള പരിധി 3000 നിന്നും 3300  ആക്കി. കൂടാതെ  ഇരുപത്തി അഞ്ച് ജോലിക്കാരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ 12000 ഡോളറില്‍ താഴെ  ശമ്പളമുള്ള  പ്രോഫെഷണല്‍, മാനേജെരിയല്‍ തസ്തികയില്‍ ഒഴിവ് വരുമ്പോള്‍  കുറഞ്ഞത് പതിനാല് ദിവസം സിംഗപ്പൂര്‍ വര്‍ക്ക്‌ഫോഴ്സ് ഡെവലെപ്മെന്‍റ് ഏജെന്‍സിയുടെ ജോബ്‌ ബാങ്കില്‍ പരസ്യം കൊടുത്ത് അതിനു ശേഷം മാത്രമേ ഒരു വിദേശിയെ നിയമിക്കാനുള്ള പാസ്സിന് അപേക്ഷിക്കാന്‍ പറ്റുകയുള്ളു. 

ഇതോടൊപ്പം എംപ്ളോയ്മെന്റ് പാസ്സിനായുള്ള കുറഞ്ഞ ശമ്പളപരിധി SGD 3000ത്തില്‍ നിന്നും 3300 ആയി ഉയര്‍ത്തിയിട്ടുമുണ്ട്.

ഇത്രയും കര്‍ശന നിബന്ധകള്‍ ആദ്യമായാണ് നിലവില്‍ വരുന്നത്. പ്രാദേശിക കര്‍മ്മസേനക്ക് പിന്‍ബലമായി വിദേശ തൊഴിലാളികള്‍ക്ക് അവസരം തുറന്നിരിക്കുമെങ്കിലും കൂടുതല്‍ പ്രാദേശിക ജീവനക്കാരെ നിയമിക്കാന്‍ തൊഴില്‍ ദാതാക്കള്‍ പ്രത്യേക പ്രാധാന്യം നല്‍കണം എന്ന് മാനവ ശേഷി  മന്ത്രി ടാന്‍ ചുവാന്‍ ജിന്‍ പറഞ്ഞു. കൂടാതെ കമ്പനികളിലെ വിദേശ സ്വദേശ തൊഴിലാളി അനുപാതം കണക്കാക്കാന്‍ മന്ത്രാലയം നടപടി എടുക്കുമെന്നും തീരുമാനം ആയിട്ടുണ്ട്‌.