ലിറ്റില്‍ ഇന്ത്യ : സിംഗപ്പൂരില്‍ നടന്ന കലാപത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ഒരുപറ്റം യുവാക്കളുടെ മാനുഷികപരിഗണന ജനശ്രദ്ധ പിടിച്ചുപറ്റുന്നു .ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ പോലിസിനെ സഹായിച്ച ഇന്ത്യന്‍ തൊഴിലാളികള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന വിദേശികളുടെ നല്ല മനസ്സിനെ സ്വദേശികള്‍ക്ക് കാണിച്ചുകൊടുക്കുന്നതില്‍ വിജയിച്ചു എന്ന് വേണം മനസ്സിലാക്കാന്‍(വീഡിയോ കാണാം ).അതുകൊണ്ട് തന്നെ ഇവരോടുള്ള ഇടപെടലില്‍ കൂടുതല്‍ മൃദുസമീപനം പാലിക്കണമെന്ന രീതിയിലുള്ള അഭിപ്രായങ്ങളാണ് നല്ലൊരു ശതമാനം ജനങ്ങളും പങ്കുവെക്കുന്നത്.
അപകടത്തെ തുടര്‍ന്ന് ബസിനടിയില്‍ അകപ്പെട്ടയാളെ പുറത്തെടുക്കുവാന്‍ വന്ന സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സ് (SCDF),പോലീസുകാര്‍ എല്ലാം ആക്രമണത്തെ ചെറുത്തു നില്‍ക്കാനാവാതെ ആംബുലന്‍സില്‍ അഭയം തേടുകയായിരുന്നു .ഇതിനിടയില്‍ ഒരു സംഘം അവരെ ആംബുലന്‍സില്‍ പൂട്ടി ഇടുകയായിരുന്നുവെന്നും ,എന്നാല്‍ ആക്രമണം ഭയന്ന് അവര്‍ സ്വയമേ അകത്തുകയറി പൂട്ടിയിട്ടാതാണെന്നും അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട് .
പ്രതീക്ഷിക്കാത്ത രീതിയില്‍ കൂടിയിരുന്ന ജനങ്ങള്‍ പോലിസ് കാറുകള്‍ക്ക് തീവെയ്ക്കാന്‍ തുടങ്ങുകയായിരുന്നു.നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്നു തൊട്ടുപിന്നിലായി പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിലേക്ക് വ്യാപിക്കാന്‍ തുടങ്ങി.എന്നാല്‍ തീ പടരുന്ന വിവരം ആംബുലന്‍സില്‍ അഭയം പ്രാപിച്ച ഓഫിസര്‍മാര്‍ക്ക് അറിയുവാന്‍ സാധിച്ചില്ല എന്നുവേണം വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് .ഒരുപക്ഷെ വാതില്‍ തുറക്കാനാകാതെ അകത്തു കുടുങ്ങിയതാകാനും സാധ്യതയുണ്ട്
തീ പടര്‍ന്നു ആംബുലന്‍സിലേക്ക് അടുക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അപകടം മനസ്സിലാക്കിയ ഒരുപറ്റം യുവാക്കള്‍ ഓടിയെത്തി വാതില്‍ തുറന്നു അവരെ രക്ഷിക്കുകയായിരുന്നു.വാതില്‍ തുറന്നയുടനെ പോലീസുക്കാര്‍ ഓടി മറഞ്ഞു .പത്തോളം ഓഫീസര്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍
സധൈര്യം മുന്നോട്ടു വന്ന യുവാക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു.എന്നാല്‍ മറ്റൊരു കൂട്ടം ആംബുലന്‍സിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.അവരുടെ ആക്രമണത്തെ മറികടന്നാണ് യുവാക്കള്‍ ആംബുലന്‍സിനെ സമീപിച്ചു രക്ഷാപ്രവര്‍ത്തനം നടത്തിയത് .പേടിയോടെ ഓടിയകലുന്ന പോലീസുകാരെ നോക്കി ഒരുപറ്റം ആളുകള്‍ കൂവുന്നതും മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട് .
ഇവര്‍ക്ക് വേണ്ട പാരിതോഷികങ്ങള്‍ നല്‍കണമെന്നാണ് പൊതുജനാഭിപ്രായം.അതുപോലെ തന്നെ പ്രായമായവര്‍ക്ക് വേണ്ടി ബസില്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കുവാനും ,ലിഫ്റ്റില്‍ മറ്റുള്ളവര്‍ കയറുന്നത് വരെ കാത്തുനില്‍ക്കാനുമെല്ലാം മറ്റുള്ളവരെ അപേക്ഷിച്ച് വിദേശതൊഴിലാളികള്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന രീതിയിലുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്നത് .ഒരുപക്ഷെ ഈ കലാപം കൊണ്ട് സിംഗപ്പൂരിലെ ജനങ്ങളുടെ പരസ്പര സ്നേഹത്തോടെയുള്ള പ്രയാണത്തിന് യാതൊരു കോട്ടവും സംഭവിക്കില്ല എന്ന വിളിച്ചുപറയല്‍ കൂടിയാകാം ഈ അഭിപ്രായങ്ങള്‍ .