ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ നാടുനീങ്ങി

0

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാന ഇളയ രാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ അന്തരിച്ചു. 91 വയസ്സായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നുള്ള ഹൃദയാഘാതമാണ് മരണ കാരണം. പുലര്‍ച്ചെ 2.30ന് എസ്.യു.ടി  ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഈ മാസം ആറിനാണ് അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൃതദേഹം തിരുവനന്തപുരം ലെവിഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്‌കാരം വൈകിട്ട് 3.30ന് കവടിയാര്‍ കൊട്ടാര വളപ്പില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

1922 മാര്‍ച്ച് 22ന് തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തിലാണ് ജനനം. മഹാറാണി സേതു പാര്‍വതി ഭായിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാന്‍റെയും മകനായാണ് ജനിച്ചത്. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയുടെ അനുജനാണ്. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടില്‍ പോയി. പഠന ശേഷം തിരിച്ചെത്തി ഏറെക്കാലം ബാംഗ്ലൂരിലായിരുന്നു.

രാജവാഴ്ചയ്ക്കും സ്വാതന്ത്ര്‍യസമര പ്രക്ഷോഭങ്ങള്‍ക്കും ജനാധിപത്യ ഭരണത്തിനും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ സാക്ഷിയായി. ശ്രീ ചിത്തിര തിരുനാള്‍ 1991ല്‍ നാടുനീങ്ങിയതിനെത്തുടര്‍ന്ന് രാജകുടുംബത്തിന്‍റെ അധികാരസ്ഥാനമേറ്റെടുത്തു. സംസ്ഥാനത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. അന്തര്‍മുഖനായി രാജകൊട്ടാരത്തില്‍ ഒതുങ്ങിക്കഴിയാതെ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അദ്ദേഹം സന്നദ്ധനായി. വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചു. തൃപ്പടിദാനമാണ് ആത്മകഥ. ഫോട്ടോഗ്രാഫിയിലും അദ്ദേഹത്തിന് ഏറെ താല്‍പര്‍യമുണ്ടായിരുന്നു. തിരുവിതാംകൂറിന്‍റെ ചരിത്രം അദ്ദേഹം എന്നും ക്യാമറയില്‍ പകര്‍ത്തി. യാത്രകളോടും അദ്ദേഹത്തിന് ഏറെ പ്രിയമായിരുന്നു. യാത്രയിലുടനീളം ക്യാമറയും ഒപ്പംകൂട്ടി.

കഴിഞ്ഞവര്‍ഷം കുടുംബാംഗങ്ങളുടെയും സര്‍ക്കാരിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി നവതി ആഘോഷിച്ചു. ഈ വര്‍ഷം നവംബര്‍ 11-ന് ചാള്‍സ് രാജകുമാരനുമായി നടന്ന കൂടിക്കാഴ്ച ചരിത്രസംഭവമായി. അനാരോഗ്യത്തെ വകവെയ്ക്കാതെ കൊച്ചിയിലെത്തിയാണ് അദ്ദേഹം ചാള്‍സ് രാജകുമാരനെ കണ്ടത്. തിരുവിതാംകൂര്‍ പവന്‍ ചാള്‍സിന് സമ്മാനമായി നല്‍കുകയും ചെയ്തു.

2010 ജൂണില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയെക്കുറിച്ച് ലോകമറിഞ്ഞതോടെ തിരുവിതാംകൂര്‍ രാജകുടുംബവും അതിന്‍റെ സ്ഥാനിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

രാധാദേവിയാണ് ഭാര്‍യ. മക്കള്‍: അനന്ത പദ്മനാഭന്‍, പാര്‍വതി ദേവി..