ന്യൂഡല്‍ഹി : ഇന്ത്യയിലെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഇമിഗ്രേഷന്‍ ക്യൂവില്‍ കാത്തുനിന്ന് മുഷിയേണ്ടതില്ല. ഇതിനുള്ള പ്രത്യേക സംവിധാനം തയ്യാറായതായി ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വെളിപ്പെടുത്തി. അടുത്തമാസം അവസാനത്തോടെ ഇത് നടപ്പാക്കിത്തുടങ്ങും.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് പരീക്ഷണാര്‍ത്ഥം ഇത് നടപ്പാക്കുക. അതിനുശേഷം രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് ഫോറിനര്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫിസിലെ (എഫ് ആര്‍ ആര്‍ ഒ) ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനായി പുതിയൊരു ടെക്‌നോളജി തയ്യാറാക്കിയിട്ടുണ്ട്. യാത്രക്കാരുടെ യാത്രാചരിത്രം ലഭ്യമാക്കാന്‍ അത് സഹായിക്കും. എന്നാല്‍ സംശയമുള്ള യാത്രക്കാരെ ഏതുനിമിഷവും തടഞ്ഞുനിറുത്തും.
നിലവില്‍ രാജ്യത്തെ ഏതൊരു ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഇരുപതോളം ചോദ്യങ്ങളുള്ള ഡിസ്എംബാര്‍ക്കേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കേണ്ടിവരും. എയര്‍പോര്‍ട്ടിലെ അറൈവല്‍ ഹാളിലുള്ള ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഇത് നല്‍കേണ്ടിവരും. ഈ പ്രക്രിയയിലൂടെ 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് യാത്രക്കാര്‍ക്ക് നഷ്ടമാകുക.
ഇതിനു പകരമായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ യാത്രക്കാരുടെ വിവരങ്ങള്‍ തെളിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഇമിഗ്രേഷന്‍ ബ്യൂറോ സ്ഥാപിക്കുകയാണ്. അതിനാല്‍ യാത്രക്കാരെ അധികസമയം തടഞ്ഞുനിറുത്തേണ്ടിവരില്ല.
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മാത്രമായിട്ടായിരിക്കും ഈ സംവിധാനം ഇപ്പോള്‍ ലഭ്യമാകുക. എയര്‍പോര്‍ട്ടിന് പുറത്തേക്ക് കടക്കുന്നതിന് അവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് കാണിച്ചാല്‍മാത്രം മതി. ഡിസ്എംബാര്‍ക്കേഷന്‍ ഫോം വിമാനത്തിനുള്ളില്‍വച്ചുതന്നെ നല്‍കും. ജനനതീയതി, വിലാസം, യാത്രാചരിത്രം, കോണ്ടാക്ട് നമ്പര്‍, ഫ്‌ളൈറ്റിന്‍റെ വിവരങ്ങള്‍ എന്നിവ ഇതില്‍ ചേര്‍ക്കണം.
ഇമിഗ്രേഷന്‍ കൗണ്ടറുകളിലെ ദീര്‍ഘമായ ക്യൂവിനെക്കുറിച്ച് യാത്രക്കാര്‍ വ്യാപകമായി പരാതിപ്പെട്ടിരുന്നു. മാത്രമല്ല ഡിസ്എംബാര്‍ക്കേഷന്‍ ഫോമില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും എഫ് ആര്‍ ആര്‍ ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു.