സിംഗപ്പൂരില്‍ ഇന്ത്യക്കാരെ വീഴ്ത്താന്‍ ശ്രമിച്ച എഎപി-ക്ക് ഹൈക്കമ്മീഷന്‍റെ വക ആപ്പ്

0
സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ആഘോഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ സിംഗപ്പൂര്‍ ഫോറം ഇറക്കിയ പോസ്റ്റര്‍ വിവാദത്തിലേക്ക്.സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടക്കുന്ന റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്ന പോസ്റ്ററിലെ തലക്കെട്ടില്‍  ചേര്‍ത്ത വാചകമാണ് വിവാദത്തിനു തിരികൊളുത്തിയത്.ഇന്ത്യയില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ എല്ലാവരും ആം ആദ്മിക്ക് ഉദാരമായി സംഭാവന ചെയ്യുക എന്നതായിരുന്നു തലക്കെട്ട്‌.ഇന്ത്യന്‍  ഹൈക്കമ്മീഷന്‍റെ പിന്തുണയോടെയാണ് ആം ആദ്മിയുടെ പണപ്പിരിവ് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ പ്രചരിച്ചു .ഇലക്ഷന്‍ കമ്മീഷന്‍ ,ഹോം മിനിസ്ട്രി തുടങ്ങിയ സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നു ആം ആദ്മി സിംഗപ്പൂര്‍ ഫോറത്തിന്റെ വക്താവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വിവാദമായി .
 
ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന വിദേശസഹായത്തെക്കുറിച്ച് അന്വേഷണം‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സിംഗപ്പൂരില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കാനുള്ള നീക്കം എന്നതിനാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി.കൂടാതെ അനധികൃതമായി പണം പിരിക്കുന്നത് സിംഗപ്പൂര്‍ നിയമത്തിന് എതിരാണ് എന്നതും നിരവധി ആളുകള്‍ ആം ആദ്മി സിംഗപ്പൂര്‍ ഫോറത്തിനെ അറിയിച്ചു.
 
പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ നിരവധി ആളുകള്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ വിളിച്ചതോടെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് ഹൈക്കമ്മീഷന്‍ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.റിപ്പബ്ലിക്ക് ദിനാഘോഷം അല്ലാതെ മറ്റൊരു തരത്തിലുള്ള പരിപാടികള്‍ക്ക് ഹൈക്കമ്മീഷന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ,അത്തരത്തില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ ഹൈക്കമ്മീഷന്‍ അറിവോടെയല്ലെന്നും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.കൂടാതെ ആളുകള്‍ സിംഗപ്പൂര്‍ സര്‍ക്കാരിനെ നിയമപരമായി സമീപിക്കുമെന്ന തരത്തിലുള്ള അഭിപ്രായം പ്രകടിപ്പികുകയും ചെയ്തതോടെ പ്രതിസന്ധിയിലായ ആം ആദ്മി പാര്‍ട്ടിയുടെ സിംഗപ്പൂര്‍ ഘടകം പോസ്റ്ററില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
 
ഒരു രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പാര്‍ട്ടികള്‍ ഇടപെട്ടു നേട്ടം കൊയ്യാന്‍ ശ്രമിച്ചതിനെതിരെ  രൂക്ഷവിമര്‍ശനമാണ് ഉണ്ടാകുന്നത്.ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യയിലെ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ തയ്യാറായിട്ടില്ല .