മണിപ്പാല്‍-: മലയാളത്തിലെ പ്രഗല്‍ഭരുടെ മഹത്തായ കൃതികള്‍ ഒട്ടും തന്മയത്വം ചോര്‍ന്നുപോകാതെ കന്നഡസാഹിത്യത്തിലേക്ക് വിവര്‍ത്തനം ചെയ്ത മലയാളിയായ മഹാനായ എഴുത്തുകാരന്‍ കെകെ നായര്‍ നമ്മോട് വിടപറഞ്ഞിട്ട് ഒരുമാസം പിന്നിടുന്നു.
കണ്ണൂര്‍ജില്ലയിലെ, പിലാത്തറ അറക്കലില്‍ ഒരു സാധാരണ കര്‍ഷകകുടുംബത്തില്‍ ജനിച്ച "കല്ലറ കൊട്ടാരത്തില്‍ കുഞ്ഞപ്പ നായര്‍" എന്ന കെകെ നായര്‍, ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലാണ് ശൈശവവും ബാല്യവും കഴിച്ചുകൂട്ടിയത്. വിദ്യാഭ്യാസത്തിനുശേഷം, തൊഴിലന്വേഷണതിനൊടുവിലാണ് മണിപ്പാലില്‍ എത്തിച്ചേര്‍ന്നത്. ആദ്യം അവിടെ മണിപ്പാല്‍ പവര്‍പ്രസ്സില്‍ ബൈന്റെര്‍, പിന്നീട് മോണോ കാസ്റ്റിംഗ് എന്നീ ജോലികളില്‍ ഏര്‍പ്പെട്ടു. അതിനുശേഷമാണ് "ഉദയവാണി" പ്രസ്സില്‍ ചേര്‍ന്നത്. ജോലിക്കിടെ കിട്ടിയ സമയം കന്നടഭാഷ പഠിക്കാന്‍ വിനിയോഗിച്ച അദ്ദേഹം, അധികം വൈകാതെ കന്നഡ ആനുകാലികങ്ങളില്‍ എഴുതാന്‍ തുടങ്ങി. നല്ലൊരു വായനക്കാരന്‍ കൂടിയായ അദ്ദേഹം, മലയാളത്തിലെ എല്ലാ പ്രമുഖ കൃതികളും വായിച്ചു. കന്നടയിലെ ഒട്ടുമിക്ക പത്രങ്ങളിലും വാരികകളിലും എഴുതിയ അദ്ദേഹം പിന്നീട് വിവര്തനതിലേക്ക് ശ്രദ്ധതിരിച്ചു.
മലയാളികളുടെ മനംകവര്‍ന്ന പ്രസിദ്ധകൃതികള്‍, കന്നടയില്‍ ധാരണക്കാര്‍ക്ക്പോലും മനസ്സിലാകത്തക്ക രീതിയില്‍, എല്ലാ ചാരുതകളോടും കൂടി അദ്ദേഹത്തിന്റെ തൂലികയാല്‍ പുനരാവിഷ്കരിക്കപ്പെട്ടു. തകഴിയുടെ കയര്‍, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷി, ഒവി വിജയന്‍റെ ഗുരുസാഗരം, എം ടി യുടെ കുട്ട്യേടത്തി, പള്ളിവാളും കാല്‍ചിലമ്പും, എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, ആശാന്റെ ചിന്താവിഷ്ടയായ സീത, സേതുവിന്‍റെ പാണ്ഡവപുരം, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരത്ത്, കമല സുരയ്യയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി, സക്കറിയയുടെ കഥകള്‍, ചങ്ങമ്പുഴയുടെ വാഴക്കുല തുടങ്ങി, കെകെ നായരുടെ തൂലികയില്‍ പുനര്‍ജ്ജനിച്ച കൃതികള്‍ കന്നടമക്കള്‍ ഇരുകൈകളുംനീട്ടി സ്വീകരിച്ചു.
കര്‍ണ്ണാടക സര്‍കാരിന്റെ കന്നഡ സാഹിത്യഅക്കാദമി അവാര്‍ഡ്, ഭാഷാഭാരതി ഗൌരവപ്രശശ്തി, ഭാരതീയഭാഷാ സംസ്ഥാന പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹതിന്, 2012 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും, തികഞ്ഞ ലാളിത്യ ജീവിതമായിരുന്നു കെകെ നായരുടെ മുഖമുദ്ര. തന്റെ മരണശേഷം, ദാനം ചെയ്യാവുന്ന അവയവങ്ങള്‍ ഒക്കെ ദാനം ചെയ്ത്, മൃതദേഹം മെഡിക്കല്‍കോളേജ് വിദ്യാര്തികള്‍ക്ക് പഠനാവശ്യത്തിനു നല്‍കണമെന്ന് സമ്മതപത്രംകൂടി എഴുതിവെച്ചാണ് ആ മനുഷ്യസ്നേഹി നമ്മെ വിട്ടുപിരിഞ്ഞത്.
മലയാളസാഹിത്യത്തിനും കന്നഡസാഹിത്യത്തിനും ഒരുപോലെ തീരാനഷ്ടം ബാക്കിവെച്ച് യാത്രയായ കെകെ നായരുടെ ഓര്‍മകള്‍ക്ക്മുമ്പില്‍ പ്രണാമം….