ബ്രസീല്‍ : ലോകം ഇന്ന് ഫുട്ബോളിനോളം ചെറുതാകും. എല്ലാ കണ്ണുകളും ബ്രസീലിലേക്കാണ്. 32 രാജ്യങ്ങള്‍ ഒരു പന്തിനു പുറകെ പായുന്ന സുന്ദര നിമിഷങ്ങള്‍. കൊറിന്ത്യന്‍സിലെ പുല്‍മൈതാനത്തിനു മധ്യേ സിംഗപ്പൂര്‍ സമയം രാവിലെ 4 മണിക്ക് കിക്കോഫ്, വിസില്‍ ജപ്പാന്‍കാരനായ യുയിച്ചി നിഷിമുറയുടെ ചുണ്ടുകളിലേക്ക്. ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ആദ്യമത്സരം.ജൂലായ് 13 വരെ നീളുന്ന 31 ദിവസത്തെ ഫുട്‌ബോളിന്റെ ആരവത്തിന് ലോകം കാതോര്‍ക്കും. ഫുട്ബോള്‍ ജീവവായുവായ ബ്രസീല്‍, 64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് വേദിയാകുന്നത്. അതിനാല്‍ത്തന്നെ ഇത്തവണത്തെ മത്സരങ്ങള്‍ക്ക് മാറ്റ് കൂടുമെന്ന് ഉറപ്പ്. നാട്ടില്‍ നടക്കുന്നതുകൊണ്ട് ആതിഥേയരായ ബ്രസീലിനു തന്നെയാണ് ഏവരും സാധ്യത കല്പിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനും ഒപ്പം ജര്‍മനിയും അര്‍ജന്റീനയുമൊക്കെ സാധ്യത കല്പിക്കപ്പെടുന്നവരുടെ ഗണത്തിലുണ്ട്.
ലോകകപ്പ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ബ്രസീലില്‍ ഒരുക്കിയിരിക്കുന്നത്. 600 കലാകാരന്മാര്‍ പങ്കെടുക്കുന്ന ആഘോഷമാണ് കൊറിന്ത്യന്‍സ് അരീനയില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്നത്. ബ്രസീലിന്റെ പാരമ്പര്യ നൃത്തരൂപങ്ങള്‍ അണിനിരക്കും. സാംബ സംഗീതവും നൃത്തവും ചടങ്ങിനു മാറ്റേകും. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.കൂടാതെ പോപ്, റോക്ക് ഗാനങ്ങളും ഉദ്ഘാടനത്തില്‍ അവതരിപ്പിക്കും. സ്റ്റേഡിയവും പരിസരവും ബ്രസീലിന്റെ നിറങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബ്രസീലിലെ ആരാധകര്‍ക്കും പ്രകൃതിക്കും ഫുട്‌ബോളിനുമുള്ള സമ്മാനമാണ് ഈ ഉദ്ഘാടന ആഘോഷങ്ങളെന്ന് ഷോ ഡയറക്ടര്‍ ഡെഫിന്‍ കോര്‍നസ് പറഞ്ഞു.
ലോകപ്രശസ്ത പോപ് സിംഗര്‍ ജെന്നിഫര്‍ ലോപ്പസ് ഉദ്ഘാടന മഹാമഹത്തില്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആലപിക്കാന്‍ പിറ്റ്പുളിനും ക്ലൗഡിയ ലെയ്ച്ചിക്കുമൊപ്പമെത്തും
ജൂലൈ 14നാണ് ഫൈനല്‍ പോരാട്ടം. പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം 12.30നാണ് ലോകകപ്പ് ജേതാക്കളെ തിരഞ്ഞെടുക്കാനുള്ള അന്തിമപോരാട്ടം. ലോകമൊട്ടുക്കുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാവുകളാണ്. സിംഗപ്പൂരില്‍ പാതിരാത്രി മുതല്‍ അതിരാവിലെ വരെയുള്ള സമയങ്ങളില്‍ ആയിരിക്കും മത്സരം ദൃശ്യമാകുക.അതുകൊണ്ടുതന്നെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവര്‍ക്കു കരുത്തന്‍മാരുടെ പോരാട്ടം കാണാന്‍ ഉറക്കമൊഴിച്ചിരിക്കേണ്ടിവരും. മത്സരം കാണാന്‍ ക്ലബ്ബുകളും ഭക്ഷണ ശാലകളുമൊക്കെ തയ്യാറായിക്കഴിഞ്ഞു.ഫുട്‌ബോള്‍ കമ്പക്കാരായ ഒട്ടനേകം മലയാളികളും സിംഗപ്പൂരിലുണ്ട്. ഇവരൊക്കെയും ആവേശത്തിലാണ്. ലോക കാല്‍പ്പന്ത് കളിയാണ് ഇവരുടെ പ്രധാന ചര്‍ച്ചാവിഷയം.
ലോകകപ്പില്‍ കളിക്കുന്നില്ലെങ്കിലും സിംഗപ്പൂര്‍ എന്ന കൊച്ചുരാജ്യം നെഞ്ചിലേറ്റിയ വിനോദമാണ് ഫുട്ബോള്‍.അതുകൊണ്ട് തന്നെ ഒരു മത്സരം പോലും വിട്ടു കളയാതെ ബ്രസീലില്‍ നിന്നുള്ള ആര്‍പ്പുവിളികള്‍ ഏറ്റെടുക്കുവാന്‍ സിംഗപ്പൂരുകാരും തയ്യാറായിക്കഴിഞ്ഞു.