സാവോപോളോ: ഫൈനലിലേക്ക് സ്ഥാനം തേടി അർജന്റീനയും ഹോളണ്ടും ഇന്നിറങ്ങും. മുമ്പ് രണ്ടുതവണ ചാമ്പ്യന്മാരായ അർജന്റീന മൂന്നാം കിരീടപ്രയാണത്തിനായി കളത്തിലേക്കെത്തുമ്പോൾ തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാണ് ഹോളണ്ട് ബൂട്ടണിയുന്നത്.ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരെന്ന ഖ്യാതി സ്വന്തമാക്കിയ റോബിന്‍ വാന്‍പേഴ്‌സിയും ആര്യന്‍ റോബനും നേതൃത്വം നല്‍കുന്ന ഓറഞ്ച് പടയെ പിടിച്ചുനിര്‍ത്താന്‍ അര്‍ജന്റീന കോച്ച് അലസാന്‍ഡ്രോ സബേല ഒരുക്കിയ ആയുധങ്ങളുടെ മൂര്‍ച്ചയാവും രാവിലെ 4-ന് പരീക്ഷിക്കപ്പെടുക.മെസിയെന്ന മാന്ത്രികന്റെ കാലുകളില്‍ എല്ലാം സമര്‍പ്പിച്ചാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ അവര്‍ നിര്‍ണായക പോരിനിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ മെസ്സി ഇതിനോടകം നാലു ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുമുണ്ട്. അഞ്ചു മത്സരങ്ങളില്‍ നിന്നായി 180 പാസുകളാണ് താരം മുന്നേറ്റക്കാര്‍ക്കായി എത്തിച്ചു നല്‍കിയിട്ടുള്ളത്. വാന്‍പേഴ്സി-ആര്യന്‍ റോബന്‍ കൂട്ടുകെട്ടാണ് ഡച്ചിന്റെ പ്രധാന ശക്തി. മധ്യനിരയില്‍ വെസ്ലി സ്നൈഡര്‍ ഫോമില്‍ തിരിച്ചെത്തി. പ്രതിരോധം ഏറെക്കുറെ ഭദ്രം.
എന്നാല്‍, കരുത്തരായ ഹോളണ്ടിനെതിരേ ഇറങ്ങുമ്പോള്‍ എയ്ഞ്ചല്‍ ഡി മരിയയുടെ അഭാവം അര്‍ജന്റീനയെ ബാധിക്കും. ബെല്‍ജിയത്തിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഡി മരിയ പുറത്തായി. എന്നാല്‍, ഡി മരിയ പുറത്തായെങ്കിലും സെര്‍ജിയോ അഗ്വീറോ മടങ്ങിയെത്തുന്നത് അര്‍ജന്റീനയ്ക്കു ഗുണകരമാകും.കഴിഞ്ഞ ലോകകപ്പിലും ഫൈനലില്‍ കാലിടറിയ ഹോളണ്ട് ഇത്തവണ എത്തുന്നത് കൂടുതല്‍ മുന്നൊരുക്കത്തോടെയാണ്. ഫ്രാന്‍സിനെതിരേ ഒന്നു പകച്ച ഹോളണ്ട് ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നു കരുതപ്പെട്ടിരുന്ന കോസ്റ്റാറിക്കയ്‌ക്കെതിരേ ഉജ്വല പ്രകടനമാണ് പുറത്തെടുത്ത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയിച്ചതെങ്കിലും ഹോളണ്ടിന്റെ പ്രകടനം ഉജ്വലമായിരുന്നു.മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന മത്സരം കാണുവാന്‍ ഉറക്കമൊഴിച്ചു കാത്തിരിക്കുകയാണ് ആരാധകര്‍ .അതിരാവിലെയുള്ള മത്സരം കാണുവാന്‍ നേരത്തെയുറങ്ങി എഴുന്നേല്‍ക്കുന്ന പതിവാണ് സിംഗപ്പൂരില്‍ പൊതുവേ കാണുന്നത് .