വാശിയേറിയ ഫൈനല്‍ മാമാങ്കത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തറപറ്റിച്ച് ജര്‍മനി നാലാം തവണയും ലോക ചാമ്പ്യന്മാരായി.
നിര്‍ദിഷ്ട സമയത്ത് രണ്ടു ടീമുകളും ഗോള്‍ രഹിതരായി പിരിഞ്ഞപ്പോള്‍, അധിക സമയത്തിന്റെ രണ്ടാം പകുതിയിലാണ്, പകരക്കാരനായി ഇറങ്ങിയ "അത്ഭുത ബാലന്‍" മരിയോ ഗോട്സെ യുടെ ബൂട്സില്‍ നിന്നും ജര്‍മനിയുടെ വിജയഗോള്‍ പിറന്നത്. കളിതീരാന്‍ വെറും ഏഴു മിനിട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ഇടതു വിങ്ങില്‍നിന്നും ആന്ദ്രെ സ്കറിള്‍ ഉയര്‍ത്തിയ ക്രോസ്, നെഞ്ചുകൊണ്ട് തടുത്ത്, ഇടതുകാലിലേക്ക് മാറ്റി അര്‍ജന്റീനിയന്‍ ഗോള്‍പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ ഗോട്സെക്ക് വേണ്ടിവന്നത് നിമിഷങ്ങള്‍ മാത്രം! പിന്നീട് കണ്ടത്, സ്റ്റേഡിയം മുഴുവന്‍ ഇളകിമറിയുന്നതാണ്.
ജര്‍മനിക്ക് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കുശേഷം ലോക കിരീടം! സന്തുലിതമായ ഒരു യുവനിരയുടെ വിജയമാണ് ലോകകപ്പ് ഫുട്ബാളില്‍ ഇപ്പ്രാവശ്യം കണ്ടത്. ഒന്നോരണ്ടോ കളിക്കാരെ കേന്ദ്രമായി, "അച്ചുതണ്ട് ഫുട്ബാള്‍" കളിക്കാതെ, കൃത്യമായ ചെറുപാസ്സുകള്‍ കൊണ്ട്, മികച്ച സാങ്കേതികഫുട്ബാള്‍ എങ്ങനെ കളിക്കാമെന്ന് ജര്‍മനി കാണിച്ചു തന്നിരിക്കുന്നു.
ഒപ്പം, പ്രൊഫഷണല്‍ കോച്ചിംഗ് ന്‍റെ ഉത്തമ ഉദാഹരണമാണ്, ജര്‍മന്‍ കോച് ജോക്കിം ലോ കാണിച്ചു തന്നത്. കൃത്യമായ സ്ട്രാറ്റിജി പ്ലാനിംഗ് ഉണ്ടെങ്കിലും, കളിയുടെ ഏതു നിമിഷത്തിലും, തിരക്കഥയില്‍ മാറ്റം വരുത്താന്‍ അദ്ദേഹം ഒട്ടുംതന്നെ അമാന്തിച്ചില്ല. അത്യാസന്നസമയത്ത് അദ്ദേഹമെടുത്ത എല്ലാ തീരുമാനങ്ങളും കുറിക്കുതന്നെ കൊണ്ടു. ജര്‍മനിയുടെ വിജയഗോള്‍ പോലും പിറന്നത്, അങ്ങനെയൊരു തീരുമാനത്തിന്റെ പരിണിതഫലമായിരുന്നു