സിംഗപ്പൂരുകാരനും പി.ആറിനും ഇനിമുതല്‍ ജോലികള്‍ക്ക് മുന്‍ഗണന

0

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ വിദേശികളെ ജോലിക്കെടുക്കുന്നത് മൂലം തങ്ങളുടെ സാദ്ധ്യതകള്‍ ഇല്ലാതാകുകയാണെന്ന സിംഗപ്പൂര്‍ പൗരന്‍മാരുടെ പരാതികള്‍ക്ക് വിരാമമാകുന്നു.പലപ്പോഴും ഒരേ ജോലിക്ക് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ വിദേശീയര്‍ തയ്യാറാകുന്നത് മൂലം കമ്പനികള്‍ അവരെ കൂടുതല്‍ പരിഗണിക്കുന്നുവെന്ന പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി .ഇതിനൊരു പ്രതിവിധിയായി പുതിയൊരു തൊഴില്‍ വെബ്സൈറ്റ് സര്‍ക്കാര്‍ രൂപകല്പ്പന ചെയ്തു കഴിഞ്ഞു.

സാധാരണയായി സിംഗപ്പൂരില്‍ ഭൂരിഭാഗം ജോലിക്കും ആളുകളെ എടുക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി അപേക്ഷകള്‍ സ്വീകരിച്ചിട്ടാണ്.എന്നാല്‍ ഇനിമുതല്‍ പുതിയ ജോലികള്‍ക്ക് ആളുകളെ എടുക്കുമ്പോള്‍ കമ്പനികള്‍ https://www.jobsbank.gov.sg/ എന്ന വെബ്സൈറ്റില്‍ ഒഴിവുകള്‍  പ്രസിദ്ധപ്പെടുത്തി 14 ദിവസം കാത്തിരിക്കുകയും വേണം .14 ദിവസത്തിനുള്ളില്‍ സിംഗപ്പൂരുകാരനോ ,സിംഗപ്പൂര്‍  പി.ആറോ (SPR) ജോലിക്ക് താല്‍പ്പര്യം കാണിക്കാതിരുന്നാല്‍ മാത്രം ഇത്തരം ജോലികള്‍ വിദേശികള്‍ക്ക് നല്‍കാവൂ എന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി .ഇത്തരത്തിലുള്ള നടപടി ക്രമങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് നേരെ നിയമ നടപടി ഉണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു .പുതിയ ഉത്തരവ് പ്രകാരം സിംഗപ്പൂര്‍ പൗരന്‍മാര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്ന പ്രത്യാശയിലാണ് സര്‍ക്കാര്‍ .എന്നാല്‍ നിര്‍മ്മാണ മേഖല ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പൊതുവേ സിംഗപ്പൂര്‍ ജനത വിമുഖത കാണിക്കുന്നവരാണ്.അടിയന്തരമായി ആളുകളെ ആവശ്യമുള്ള കമ്പനികള്‍ക്ക് 14 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത്  പ്രതികൂലമായി ബാധിക്കാനും സാദ്ധ്യതകള്‍ കാണുന്നു.