കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ട. മലേഷ്യയില്‍ നിന്ന് കടത്തിയ 11 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് മൂന്നു കോടി രൂപ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ എയര്‍ ഏഷ്യ വിമാനത്തില്‍ ക്വലാലംപുരില്‍നിന്നെത്തിയ കര്‍ണാടക സ്വദേശികളായ സയ്ദ് മഹാദി അബ്ബാസ്, സയ്ദ് അബ്ബാസ് റാസ, തൗസിഫ്, അലി മൗദത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐയുടെ പ്രത്യേക സംഘം വിമാനത്താവളത്തില്‍ ഇവരെ കാത്ത് നിന്ന് പിടികൂടുകയായിരുന്നു.രണ്ട് പേര്‍ നാല് കിലോ സ്വര്‍ണവും മൂന്നാമന്‍ മൂന്നുകിലോ സ്വര്‍ണവും പാന്റ്സിലെ പ്രത്യേക പോക്കറ്റില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. രഹസ്യ വിവരം നല്‍കിയവര്‍ ഇവരെ തിരിച്ചറിയാനുള്ള അടയാളങ്ങളും സൂചിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്താനായത്.
വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയതോടെ കള്ളക്കടത്ത് സംഘം മറ്റ് സംസ്ഥാനങ്ങള്‍ വഴിയായിരുന്നു സ്വര്‍ണം കടത്തിയിരുന്നത്. അതുകൊണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടുന്നത്.
സ്വര്‍ണക്കടത്ത് സംഘം നെടുമ്പാശ്ശേരിയിലെത്തിയശേഷം റോഡ് മാര്‍ഗം ബംഗളൂരുവിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നത്. വിമാനമിറങ്ങി എയ്റോ ബ്രിഡ്ജിലൂടെ വരുമ്പോള്‍ നാലു പേരെയും ഡിആര്‍ഐ ഡെപ്യൂട്ടി ഡയറക്റ്റര്‍ ആര്‍. രാഹുല്‍, ജോയിന്‍റ് ഡയറക്റ്റര്‍ അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.