മ്യൂണിക്: ഒക്ടോബര്‍ഫെസ്റ്റിന്റെ ആരവങ്ങളില്‍ മ്യൂണിക് നഗരം ഉത്സവലഹരിയില്‍ മുഴുകവെ, ഗതകാലസമൃദ്ധിയുടെ അയവിറക്കലുമായി കേരളസമാജം മ്യൂണിക് ഓണാഘോഷങ്ങള്‍ക്കായി ഒത്തുചേര്‍ന്നു. റോസന്‍ഹൈമര്‍ പ്ലാറ്റ്സിലെ ഡോണ്‍ ബോസ്കോ ഹാളിലായിരുന്നു ഇത്തവണത്തെ ഓണാഘോഷം.
സമാജം കുടുംബങ്ങള്‍ പാചകം ചെയ്ത ഓണസദ്യയോടെയായിരുന്നു ഓണാഘോഷത്തിന്റെ തുടക്കം. തുടര്‍ന്ന് മുഖ്യാതിഥിയായെത്തിയ മ്യൂണിക് ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ ശ്രീ. രാമചന്ദ്രന്‍ നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉല്‍ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ബിനു എബ്രഹാമിന്റെ സ്വാഗതപ്രസംഗത്തോടെ കലാപരിപാടികള്‍ക്ക് ആരംഭമായി.
വര്‍ണ്ണപ്പൊലിമയും വ്യത്യസ്തതയും അതിനൊപ്പം മലയാളത്തനിമയും നിറഞ്ഞതായിരുന്നു അരങ്ങേറിയ കലാപരിപാടികള്‍. ആദ്യ ഇനമായി അവതരിപ്പിച്ച കൈകൊട്ടിക്കളി കാണികള്‍ക്ക് പതിവുപോലെ മികച്ച ദൃശ്യവിരുന്നേകി. തുടര്‍ന്ന് ഭരതനാട്യത്തിന്റെ ലാസ്യചലനങ്ങളും തമിഴ്/ബോളിവുഡ് പാട്ടുകളൂടെ ദ്രുതതാളങ്ങളുമായി സമാജത്തിലെ കൊച്ചു മിടുക്കികളും മിടുക്കന്മാരും അരങ്ങ് കീഴടക്കി. കാണികളുടെ നീണ്ട കരഘോഷമേറ്റുവാങ്ങിയായിരുന്നു മലയാളം പള്ളിക്കുടത്തിലെ മുതിര്‍ന്ന കുട്ടികളുടെ പദ്യപാരായണവും കൊച്ചുകുട്ടികളുടെ കുട്ടിക്കവിത ചൊല്ലലും. തലമുറകള്‍ എത്ര പിന്നിട്ടാലും ഏതു മറുനാട്ടില്‍ വളര്‍ന്നാലും മാതൃഭാഷയെ മറക്കാന്‍ മലയാളിക്കാവില്ല എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു സമാജത്തിലെ രണ്ടാം തലമുറയുടെ ഭാഷാപ്രാവീണ്യം.
കേരളസമാജത്തിന്റെ ശൈശവം മുതല്‍ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ശ്രീ ജോയ് ഐസകിന്റെ വിടവാങ്ങല്‍ പ്രസംഗം വികാരനിര്‍ഭരമായിരുന്നു. മ്യൂണിക് കോണ്‍സുലേറ്റിലെ ദീര്‍ഘകാല ഔദ്യോഗിക ജീവിതത്തിനു ശേഷം വിരമിക്കുന്ന ശ്രീ ജോയ് ഐസകിന്റെ സംഭാവനകളെ സമാജം കമ്മറ്റി അംഗം അരുണ്‍ നായര്‍ നന്ദി പൂര്‍വ്വം സ്മരിച്ചു.സമാജം കമ്മറ്റി അംഗങ്ങളൂടെ വഞ്ചിപ്പാട്ടും തംബോലയും തുടര്‍ന്ന് ചായസല്‍ക്കാരവും കഴിഞ്ഞതോടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിനു വിരാമമായി.