വര്‍ഷ മംഗള്‍

0

വര്‍ഷകാലത്തെ ഇന്ത്യയിലെ പല ഭാഗങ്ങളിലും വരവേല്‍ക്കുന്നത് പ്രാര്‍ത്ഥനയാലും സംഗീതത്തോടും നൃത്തത്തോടും കൂടിയാണ്. വരള്‍ച്ചയില്ലാതെ നല്ല മഴ ലഭിക്കുന്നതിനും, മഴക്കെടുതികളൊന്നും ഇല്ലാതിരിക്കുന്നതിനും പ്രത്യേകിച്ചും കര്‍ഷകരാണ് മഴയെ ആഘോഷങ്ങളോടെ വരവേല്‍ക്കുന്നത്.

സംഗീതം,  നൃത്തം,  ചിത്രകല ഇവയെ പ്രോത്സാഹിപ്പിക്കുവാനും,  പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുവാനും,  സ്വാമി ശാന്താനന്ദ സരസ്വതി തുടക്കമിട്ട ‘ടെമ്പിള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് ‘എന്ന പ്രശസ്ത സ്ഥാപനം സിംഗപൂര്‍  ബ്രാഞ്ചില്‍ 2014 സെപ്തെംന്പര്‍ 7 ഞായര്‍ -പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതക്ജ്ഞ ദീദി ശ്രീമതി,  കല്ല്യാണി പുരാനിക് ന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാനി വിദ്യാര്‍ഥികള്‍ വര്‍ഷ മംഗള്‍ എന്ന സംഗീത സദ്യയൊരുക്കി.

ഉസ്താദ് അബ്ദുല്‍ കരിം ഖാന്‍റെ  ശിഷ്യനായ പണ്ഡിറ്റ് ബാലകൃഷ്ണഭുവ കപിലേശ്വര്‍ ന്റെ മകളായ ശ്രീമതി കല്യാണി പുരാനിക്,  പരമ്പരാഗതമായ കിരാന ഘരാന ഹിന്ദുസ്ഥാനി ശൈലി സ്വായത്തമാക്കിയാണ് വളര്‍ന്നു വന്നത്. കൂടാതെ ഹാര്‍മോണിയം, തബല, സിത്താര്‍ തുടങ്ങിയ വാദ്യോപകരണങ്ങളിലും പ്രാവീണ്യയാണ്.

വൈകീട്ട് 6 മണി മുതല്‍ 10 മണി വരെ നീണ്ടു  നിന്ന ഈ സംഗീത സായാഹ്നത്തില്‍ നിരവധി ക്ലാസ്സിക്കല്‍, സെമിക്ലാസ്സിക്കല്‍, കജരി, ജൂല (നാടോടിഗാന) ഹിന്ദുസ്ഥാനി ബന്‍ദിഷുകള്‍ അടങ്ങിയിരുന്നു.  ഇവയെല്ലാം സംഗീതം കൊടുത്തു ചിട്ടപ്പെടുത്തിയതും ദീദി കല്യാണി പുരാനിക് ആണ്.

മഴ രാഗമായ മല്‍ഹാരും അതില്‍പ്പെട്ട രാഗങ്ങളും ആയിരുന്നു മിക്ക ഗാനങ്ങള്‍ക്കും. ഗണേശ സ്തുതിയോടെ ആരംഭിച്ച ഗാനാര്‍ച്ചനയില്‍ മിയ മല്‍ഹാര്‍, സുര്‍ മല്‍ഹാര്‍, ഗൌഡ് മല്‍ഹാര്‍, കാമോദ് മല്‍ഹാര്‍,  അമീര്‍ മല്‍ഹാര്‍ തുടങ്ങിയ മല്‍ഹാര്‍ രാഗങ്ങളിലും,  കലാവതി, ദേശ്, ഹമീര്‍, യമന്‍, വൃന്ദാവന സാരംഗി തുടങ്ങിയ രാഗങ്ങളിലും ഉള്ള ഗാനങ്ങളായിരുന്നു. മിയ മല്‍ഹാര്‍ രാഗത്തില്‍ ബോലെ രേ പപീഹര എന്ന പ്രശസ്ത ഹിന്ദി ഗാനവും ഹമീര്‍ രാഗത്തില്‍ മധുബന്‍ മേ രാധികാ നാചേരെ എന്ന ഗാനവും ഇടയ്ക്ക് ആലപിക്കപ്പെട്ടു. ശ്രോതാക്കളെ ആനന്ദത്തില്‍ ആറാടിച്ചു കൊണ്ട് 4 മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി കഴിഞ്ഞപ്പോള്‍ പരിസരമാകെ മഴയില്‍ നനഞ്ഞു കുളിച്ചിരിക്കയാരുന്നു. മേഘമല്‍ഹാര്‍ പാടി മഴ വരുത്തിയ പ്രശസ്ത സംഗീതജ്ഞന്‍ ടാന്‍സനെ ഓര്‍മിപ്പിച്ചു കൊണ്ട്.