കേന്ദ്ര-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില നിരീക്ഷിക്കാന്‍ സംവിധാനം

0
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ ഓണ്‍ലൈനില്‍ നിരീക്ഷിക്കാവുന്ന സംവിധാനം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതോടെ അനധികൃത അവധിയെടുത്ത് സ്ഥലം വിടുന്ന ഒരു വിഭാഗം ജീവനക്കാര്‍ക്ക് മൂക്കുകയര്‍ വീഴും. ഹാജര്‍ നില സുതാര്യമാക്കാനുളള പോര്‍ട്ടല്‍ ആരംഭിച്ചതോടെ ഹാജരില്‍ കൃത്രിമം കാണിക്കുവാനുള്ള പഴുതുകള്‍ അടഞ്ഞുതുടങ്ങും. ഇതിനായി (http://attendance.gov.in/) എന്ന ബയോ മെട്രിക് സംവിധാനം വഴിയുള്ള പോര്‍ട്ടല്‍ (വെബ്‌സൈറ്റ്) ആണ് ആരംഭിച്ചത്.
പൊതുജനങ്ങള്‍ക്കും ഓണ്‍ലൈനിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ നില അറിയാനാകും. 'റിയല്‍ അറ്റന്‍ഡന്‍സ്‌' എന്ന ഈ ഓണ്‍ലൈന്‍ സംവിധാനം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്‌ നടപ്പിലാക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്ന സമയം, ആരൊക്കെ ജോലിയില്‍ ഉണ്ട്, എപ്പോള്‍ പുറത്തു പോകുന്നു തുടങ്ങിയവ അടക്കമുള്ള കാര്യങ്ങള്‍ ഇനി പോര്‍ട്ടലില്‍ ഉണ്ടാകും. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ഉദ്യോഗസ്ഥര്‍ പരമാവധി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇതിന് രൂപം നല്‍കിയിരിക്കുന്നത്. ആധാര്‍ വഴിയാണ് ഈ സംവിധാനം നടപ്പാക്കുക. ഇതിനകംതന്നെ 1816 ബയോമെട്രിക് ഉപകരണങ്ങള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു. 
ഓരോ ദിവസത്തെയും ഹാജര്‍ നില അനുസരിച്ചുള്ള കണക്കും രേഖാചിത്രങ്ങളും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കേന്ദ്ര മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാള്ള ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌. മന്ത്രാലയങ്ങള്‍ക്ക്‌ മേല്‍ മൂന്നാം കക്ഷി ഓഡിറ്റിംഗ്‌ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാന പൊതുവിതരണ കേന്ദ്രങ്ങളും ഓഡിറ്റിംഗ്‌ പരിധിയില്‍ കൊണ്ടുവരും. ഇത്‌ സംബന്ധിച്ച നിയമനിര്‍മ്മാണം ആരംഭിച്ചതായി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അറിയിച്ചു.