സിംഗപ്പൂര്‍ : സിംഗപ്പൂരിനെ ഞെട്ടിച്ച 'ലിറ്റില്‍ ഇന്ത്യ കലാപത്തില്‍' പങ്കെടുത്ത 53 പേരെ നാടുകടത്തുന്നു.ഇതില്‍ 52 പേര്‍ ഇന്ത്യന്‍ പൌരന്മാരാണ്.ഇനി സിംഗപ്പൂരില്‍ ഒരിക്കല്‍ പോലും ഇവര്‍ക്ക് കാലുകുത്താന്‍ കഴിയില്ലെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞു .ലിറ്റില്‍ ഇന്ത്യ കലാപത്തിന്‍റെ അന്വേഷണം ഏകദേശം പൂര്‍ത്തിയായിരിക്കുന്നു എന്നാണ് ഇന്ന് നടന്ന പത്രസമ്മേളനത്തില്‍ സഹപ്രധാനമന്ത്രി തിയോ ചീ ഹീന്‍ അറിയിച്ചത് .
പുറത്താക്കപ്പെടുന്നവരില്‍ 52 പേര്‍ വര്‍ക്ക് പെര്‍മ്മിറ്റിലും ,ഒരാള്‍ എംപ്ലോയ്മെന്റ് പാസ്സിലും ജോലി ചെയ്യുന്നവരാണ്.എന്നാല്‍ ഇവരെ കൂടാതെ 28 പേര്‍ ഇപ്പോള്‍ സിംഗപ്പൂരില്‍ വിചാരണ നേരിടുന്നുണ്ട്.ഇവര്‍ക്ക് 7 വര്ഷം വരെ തടവ് ലഭിക്കാവുന്ന രീതിയിലാണ് കേസ് ആരോപിച്ചിരിക്കുന്നത് .കുറ്റക്കാരല്ലെന്നു ബോധ്യമായ 7 പേരെ പോലിസ് വെറുതെവിട്ടു .കൂടാതെ കലാപം നടന്ന സ്ഥലത്തുണ്ടായിരുന്ന 200 പേര്‍ക്ക് പോലിസ് ആവശ്യമായ ഉപദേശങ്ങള്‍ അടങ്ങിയ രേഖകള്‍ കൈമാറി വെറുതെവിട്ടു.ഇവര്‍ക്ക് സിംഗപ്പൂരില്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട് .
കൂടുതല്‍ അറസ്റ്റിനു സാധ്യതയില്ലെന്നാണ് പോലിസ് നല്‍കുന്ന വിവരം.40 വര്‍ഷത്തിനിടെ നടന്ന കലാപത്തെ സിംഗപ്പൂര്‍ പോലിസ് വളരെ കൃത്യതയോടെ അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തിയിരിക്കുന്നു എന്നാണ് മന്ത്രി അറിയിച്ചത് .ഏതാണ്ട് 4000 പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു .ഇനി ഇങ്ങനെ ഒരു സംഭവം സിംഗപ്പൂരില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു .സിംഗപ്പൂരില്‍ ഉപജീവനത്തിനായി ജോലി തേടി വന്നവര്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിച്ചേ മതിയാകൂ എന്ന് പോലിസ് ആവര്‍ത്തിച്ച് വ്യക്തമാക്കി.