ഇന്ത്യയുടെ വിലക്കുകള്‍ മറികടന്ന് വിവാദ ഡോക്യുമെന്‍ററി ബിബിസി സംപ്രേഷണം ചെയ്തു. ഡല്‍ഹി കൂട്ട ബലാത്സംഗ കേസിന്‍റെ പശ്ചാത്തലത്തില്‍ സംവിധായിക ലസ്ലി ഉദ് വിന്‍ തയ്യാറാക്കിയ "ഇന്ത്യാസ് ഡോട്ടര്‍" എന്ന ഡോക്യുമെന്‍ററിയാണ് ബിബിസി ഫോര്‍ ചാനലില്‍ സംപ്രേഷണം ചെയ്തത്.
ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗിന്‍റെ അഭിമുഖം ഉള്‍പ്പെടുത്തുക വഴിയാണ് ഡോക്യുമെന്‍ററി വിവാദത്തിലായത്. ബലാത്സംഗത്തില്‍ പെണ്‍കുട്ടിക്കും ഉത്തരവാദിത്വം ഉണ്ടെന്നത് അടക്കമുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതേസമയം, ഡോക്യുമെന്‍ററി വിലക്കാനുള്ള തീരുമാനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് സംവിധായികയും രംഗത്തെത്തിയിരുന്നു.
'എന്‍റെ ധാര്‍മ്മികതയും ഉദ്ദേശവും തികച്ചും സത്യസന്ധമാണ്. ലിംഗഅസമത്വം അവസാനിപ്പിക്കുക എന്നൊരൊറ്റ ലക്ഷ്യം മാത്രമേ എനിക്കുള്ളൂ.' സംപ്രേഷണത്തിന് മുമ്പേ വിവാദമായിമാറിയ "ഇന്ത്യാസ് ഡോട്ടര്‍" എന്ന ഡോക്യമെന്‍ററിയുടെ നിര്‍മ്മാതാവ് ലെസ്ലി ഉഡ്വിന്‍ പറയുന്നു. 'നിങ്ങള്‍ കരുതുന്ന പോലെ റേപ്പിസ്റ്റിനെ ന്യായീകരിക്കുന്ന ഒരു ഡോക്യുമെന്‍ററിയല്ല ഇത്. ലിംഗസമത്വത്തിന് വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സംസാരിക്കുന്ന ഒന്നാണ്.' ഡല്‍ഹി കൂട്ടബലാത്സംഗത്തെ കുറിച്ചുള്ള ഡോക്യുമെന്‍ററി തയ്യാറാക്കുന്‍നതിന് വേണ്ടി രണ്ട് വര്‍ഷമാണ് ലെസ്ലി ഇന്ത്യയില്‍ ചെലവഴിച്ചത്.
പ്രതിയുടെയും, പ്രതിഭാഗം വക്കീലിന്‍റെയും അഭിമുഖങ്ങള്‍ കൂടാതെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെയും, ആക്ടിവിസ്റ്റുകളുടെയും അഭിമുഖങ്ങളും, ഡല്‍ഹിയില്‍ ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രതിഷേധ പ്രകടനങ്ങളും ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ഇന്ത്യയില്‍ ഈ വീഡിയോ കാണുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഈ ഡോക്യുമെന്‍ററി കാണുന്നതിനു നിലവില്‍ വിലക്കുകളില്ല… നിങ്ങള്‍ ഇന്ത്യയിലല്ലെങ്കില്‍ മാത്രം ഈ വീഡിയോ കാണാം: