“ഇന്ത്യയുടെ മകള്‍” എന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നത് ഭരണകൂടം നിരോധിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ യശസ് തകരുമെന്നതാണത്രെ കാരണം. എന്താണ് ഇന്ത്യയുടെ യശസ് എന്ന് പറയപ്പെടുന്ന സംഗതി? സഹസ്രാബ്ദങ്ങളായി നമുക്ക് ഉണ്ട് എന്ന് നാം നമ്മെയും ബാഹ്യലോകത്തെയും പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയും എന്നാല്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യം മാത്രമുള്ള ഒരു ഡോക്യുമെന്‍ററി കണ്ടുകഴിഞ്ഞാല്‍ പൊടിഞ്ഞ് നിലംപരിശാവുകയും ചെയ്യുന്ന ഒരു മഹത്തായ കെട്ടുകഥയാണ് നമ്മുടെ യശസ്. കെട്ടുകഥകളിലൂടെ നിര്‍മ്മിക്കപ്പെടുകയും കെട്ടുകഥകളിലൂടെ നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്തെ സംബന്ധിച്ച് അതിന്‍റെ യശസ്, അത് കാത്തുസൂക്ഷിക്കുന്ന കെട്ടുകഥകള്‍ ആവുന്നതില്‍ അതിശയിക്കേണ്ട കാര്യമൊന്നുമല്ല. പക്ഷേ രാജ്യം എന്ന് പറയുന്നത് അതിര്‍ത്തി എന്നും, മണ്ണ് എന്നും മാത്രം കാഴ്ചപ്പാടുള്ള, അതിന്‍റെ ജനതയുടെ ജീവനും സ്വാതന്ത്ര്യത്തിനും ഒരു വിലയും കല്‍പ്പിക്കാത്ത, ഭരണകൂടങ്ങളെ ഈ കെട്ടുകഥകളുടെ മായികത നല്‍കുന്ന പ്രഭാവത്തില്‍ തുടര്‍ന്നും നിലനിര്‍ത്തിപ്പോകാന്‍ നാം അനുവദിക്കണോ വേണ്ടയോ എന്നതാണ് നാം ചര്‍ച്ച ചെയ്യേണ്ട വിഷയം.
നമുക്ക് മഹത്തായ പാരമ്പര്യമുണ്ട്, നമുക്ക് മഹത്തായ സഹിഷ്ണുതയുണ്ട്, നമുക്ക് മഹത്തായ സ്ത്രീശാക്തീകരണമുണ്ട്, നമുക്ക് മഹത്തായ പൂജ്യമുണ്ട് എന്നിങ്ങനെ മറ്റുള്ളവരെ വീമ്പടിച്ച് വിശ്വസിപ്പിക്കുന്ന വീണ്‍ വാക്കുകളില്‍ നാംതന്നെ കുടുങ്ങിപ്പോയിട്ടുള്ള കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. നാം ദരിദ്രരായ ഒരു ജനതമാത്രമാണെന്നതാണ് സത്യം. സമ്പത്തും വിദ്യയും ജീവിത സൗകര്യങ്ങളും കലാരൂപങ്ങളുമെല്ലാം ഒന്നുകില്‍ രാജാവിന്‍റെയോ അല്ലെങ്കില്‍ രാജാവിന്‍റെ ആശ്രിതരുടെയോ മാത്രമായിരുന്നു. അവനവന്‍റെ ഭക്ഷണത്തിനായി തൊഴില്‍ ചെയ്യുന്ന സാധാരണ ജനതയ്ക്ക് രാജ്യത്തിലുണ്ടായിരുന്ന ഭാഗധേയം രാജാവിനെ അനുസരിക്കുകയും നികുതികൊടുത്ത് നിലനിര്‍ത്തുകയും ചെയ്യുക മാത്രമായിരുന്നു. രാജാവിനുണ്ടായിരുന്ന കൊട്ടാരത്തെയും, നിധിശേഖരങ്ങളെയും രാജാവിനുവേണ്ടി എഴുതപ്പെട്ട സാഹിത്യത്തേയും രാജാവിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട ശില്‍പങ്ങളെയും ഒക്കെയാണ് നാമിന്നും നമ്മുടെ മഹത്തായ പൈതൃകവും പാരമ്പര്യവും ആയി കൊണ്ടാടുന്നതും മറ്റുള്ളവര്‍ക്ക് മുന്നില്‍ എന്‍റെ പൈതൃകം എന്ന മട്ടില്‍ വിളമ്പുന്നതും. പടിക്കകത്തേക്ക് പോലും പ്രവേശനമില്ലാത്ത കാവല്‍നായ വീട് സ്വന്തമാണെന്ന് കരുതുകയും മരണം വരെയും വിശ്വസ്തതയോടെ വേലിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കുരച്ച് തുരത്താന്‍ ജീവിതം ഉഴിഞ്ഞുവെയ്ക്കുകയും ചെയ്യുന്നതിനോട് വേണമെങ്കില്‍ ഇന്ത്യന്‍ ജനതയുടെ ഈ പൈതൃകരതിയെ ഉപമിക്കാം.
കോടികളുടെ സമ്പാദ്യം വിദേശബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകളില്‍ കുഴിച്ചിട്ടിരിക്കുന്ന കള്ളപ്പണക്കാരുടെയും അളക്കാനാവാത്ത സമ്പത്ത് വര്‍ഷാവര്‍ഷം കുമിഞ്ഞുകൂടുന്ന ആള്‍-മരത്തടി-മാര്‍ബിള്‍ ദൈവങ്ങളുടേയും തിളങ്ങുന്ന ഇന്ത്യയില്‍ ഭൂരിപക്ഷവും മൃഗതുല്യമായ അവസ്ഥയില്‍ ജീവിതം ഇഴഞ്ഞുതീര്‍ക്കുന്ന ദരിദ്രരും ഇടനിലക്കാരുമാണെന്നറിയാന്‍ ഒരു ഡോക്യുമെന്‍ററിയോ സിനിമയോ ആവശ്യമില്ല. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും, ഇവിടെ വന്നുപോകുന്ന ഓരോ വിനോദസഞ്ചാരിക്കും കൺതുറന്നാല്‍ കാണാവുന്ന നഗ്നസത്യങ്ങളാണിവ. നമ്മള്‍ സ്ത്രീയെ ഒരു പൗരനായി അല്ല പുരുഷനു വിധേയയായി മാത്രം ജീവിക്കേണ്ട താഴ്ന്നവര്‍ഗ്ഗമായിട്ടാണ് കാണുന്നതെന്ന് ആര്‍ക്കാണറിയാത്തത്. നമ്മുടെ മഹത്തായ പാരമ്പര്യമെന്ന് നാം അഭിമാനിക്കുന്ന അഴുക്കുചാലുകളാണ് നമ്മുടെ സിരകളിലൂടെ ഓടുന്നത്. സ്ത്രീ വിഗ്രഹമായോ, പുഷ്പമായോ പൂജിക്കേണ്ടപ്പെടേണ്ടവളായി കണക്കാക്കുന്ന അജൈവമായ ഒരു പൈതൃകത്തെ മഹത്തായി നാം കരുതുമ്പോള്‍ തന്നെ സ്ത്രീ എന്ന മനുഷ്യജീവിക്ക് വികാരങ്ങളും വിചാരങ്ങളും അവകാശങ്ങളും ഉണ്ടെന്നത് നാം നിഷേധിക്കുകയല്ലേ ചെയ്യുന്നത്. സ്ത്രീ എന്നത് കുടുംബത്തിന്‍റെ “പൊതു സ്വത്ത്” ആയി അവളുടെതന്നെ പൂര്‍ണമായ സമ്മതത്തോടെ കരുതുന്നതുകൊണ്ടല്ലേ ദുരഭിമാനക്കൊലകള്‍ ഈ രാജ്യത്തുണ്ടാകുന്നത്? നമ്മുടെ സംസ്കാരത്തില്‍ സ്ത്രീയ്ക്ക് (ജൈവീകമായ) യാതൊരു സ്ഥാനവുമില്ല എന്ന സത്യം നാം തന്നെ വിളിച്ചുപറയുന്നതുകൊണ്ടാവും ഇന്ത്യയുടെ മകള്‍ നിരോധിക്കപ്പെടുന്നത്. അതിനുള്ളില്‍ സംസാരിക്കുന്നത് ഒരു കുറ്റവാളിയോ അയാളുടെ അഭിഭാഷകനോ അല്ല.. അത് ഞാനും നിങ്ങളും അടങ്ങിയ ഇന്ത്യന്‍ മനസാക്ഷിയാണ്. അതിന് ആണ്‍-പെണ്‍ വേര്‍തിരിവുപോലുമില്ല. അതാണ് നമ്മുടെ വര്‍ഗവര്‍ണഭേദമന്യേയുള്ള സാമൂഹ്യബോധം. ഇന്ത്യയുടെ യശസ് തുലയ്ക്കാന്‍ ഒരു വിദേശ ഏജന്‍റ് നിര്‍മ്മിച്ച ഗൂഢാലോചനാസിനിമയാണിതെന്ന ആരോപണമുയര്‍ത്തി പലരും ഈ നിരോധനത്തോട് മൃദു സമീപനം കൈക്കൊള്ളുകയോ അനുകൂലിക്കുകയോ പോലും ചെയ്യുന്നുണ്ട്. വിശ്വമാനവികത എന്ന ആശയം നമ്മുടെ മഹത്തായ പൈതൃമകാണെന്ന് ഉദ്ഘോഷിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് വിദേശ ഏജന്‍റ് എന്ന് ഒരു കലാകാരിയെ അന്യയായി വിശേഷിപ്പിക്കാന്‍ കഴിയുകന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.
ഭരണകൂടവും ജനതയുടെ സ്വാതന്ത്ര്യവും തമ്മിലുള്ള വടംവലി ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച ഒരുകാലത്ത് ഭരണകൂടത്തിന്‍റെ കൈപ്പിടിയിലൊതുങ്ങിയിരുന്ന വിവരവിനിമയവേഗത്തെ ജനങ്ങളിലേക്കെത്തിച്ചുകഴിഞ്ഞു. പടവാളല്ല തൂലികയാണ് സമരായുധമെന്ന് പണ്ടത്തേതിനെക്കാള്‍ ആര്‍ജ്ജവത്തോടെയും ശക്തിയോടെയും ഇന്ന് കലാകാരന് പറയാന്‍ കഴിയും. നിരോധിക്കപ്പെട്ട ഇന്ത്യയുടെ മകളുടെ കാര്യം തന്നെ എടുക്കുക. നിരോധനം എത്രമാത്രം അപഹാസ്യമായ നടപടിയായി മാറി എന്ന് കാണാന്‍ കഴിയും. ഒരുപക്ഷേ നിരോധനമുണ്ടാവാതിരുന്നെങ്കില്‍ ഡോക്യുമെന്‍ററി കാണുമായിരുന്നതിനെക്കാള്‍ എത്രയോ അധികം ആളുകള്‍ അത് കണ്ടുകഴിഞ്ഞു. കണ്ടുകൊണ്ടിരിക്കുന്നു.
പക്ഷേ ഇതൊക്കെയാണെങ്കിലും പൈതൃകം എന്ന കെട്ടുകഥയില്‍ അഭിരമിക്കുന്ന നമുക്ക് സത്യം തിരിച്ചറിയാനോ യശസ് എന്ന മിഥ്യാഭിമാനം തകര്‍ത്തുകളഞ്ഞ് കൃത്യമായ പരിഹാരങ്ങളിലേക്ക് സഞ്ചരിക്കാനോ സാധ്യമല്ല എന്നതാണ് സത്യം. ഓരോ 20 മിനുട്ടിലും ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു രാജ്യത്തില്‍ എന്തുകൊണ്ടാണത് സംഭവിക്കുന്നത് എന്ന് ചിന്തിക്കാന്‍ നമുക്ക് കഴിയാത്തത് അത്തരം ചിന്ത ചെന്നെത്തുന്നത് മഹത്തായതെന്ന് നമ്മള്‍ ഗിരിപ്രഭാഷണം നടത്തുന്ന നമ്മുടെ തന്നെ പൈതൃകത്തിന്റേയും സംസ്കാരത്തിന്‍റെയും വേരുകളിലേക്കാണെന്നതുകൊണ്ടാണ്. നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടോ നിയമങ്ങള്‍ കൂടുതല്‍ ശക്തിയായി നടപ്പാക്കാത്തതുകൊണ്ടോ