അവന്‍ ഇവിടെയില്ല; ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു!

0

"നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്ത്? അവന്‍ ഇവിടെയില്ല; ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു" (ലൂക്കോസ്:24:5)ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ അതിരാവിലെ യേശുവിനെ അടക്കം ചെയ്ത കല്ലറയ്ക്കല്‍,സുഗന്ധ ദ്രവ്യങ്ങളുമായി ചെന്നവര്‍ക്ക്‌ ലഭിച്ച സന്ദേശമാണിത്. തിരുവെഴുത്തുകളില്‍ എഴുതിയിരുന്ന പ്രകാരം മൂന്നാം നാള്‍ മരണത്തെ തോല്‍പ്പിച്ചു കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണ പുതുക്കുന്ന  ഈ ദിനം വ്യത്യസ്ത രീതികളിലാണ് ഇന്ന് ആഘോഷിക്കുന്നത്. ഈ ആഘോഷങ്ങളില്‍ യഥാര്‍ത്ഥ ഈസ്റ്ററിന്‍റെ സന്ദേശം പലപ്പോഴും മറന്നു പോകാറാണ് പതിവ്. പാപത്തിന്‍റെ പടുകുഴിയിലാണ്ടു പോയ മാനവ രാശിയുടെ  രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി മരിക്കുക എന്ന ദൗത്യം തന്നെയാരുന്നു ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ പിറന്നതിന്‍റെ ഉദ്ദേശ്യം. യഹൂദാ വിശ്വാസ പ്രകാരം ഏറ്റവും നീചവും ശപിക്കപ്പെട്ടതുമായ ഒരു ശിക്ഷാ രീതിയാണ് ക്രൂശീകരണം. ഈ ലോകത്തിന്‍റെ മുഴുവന്‍ പാപ പരിഹാരത്തിനായി അത് ഏറ്റുവാങ്ങാന്‍ തയ്യാറായത് പൂര്‍ണ്ണ മനുഷ്യനായ ക്രിസ്തു ആണ്. ഒരു പക്ഷെ ആ മാനുഷിക ചിന്ത കൊണ്ടാവാം "പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന്‍ നീക്കേണമേ" എന്ന് മനസ്സുരുകി പ്രാര്‍ഥിച്ചത്. ക്രൂശിക്കപ്പെടുന്നതിനു തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ "പിതാവേ" എന്ന്‍ വിളിച്ചു പ്രാര്‍ഥിച്ച യേശു നാഥന്‍ ക്രൂശില്‍ കിടന്നു പറയുന്ന വാക്കുകളില്‍ പിതാവ് എന്ന്‍ സംബോധന ചെയ്യുന്നില്ല. പകരം "എന്‍റെ ദൈവമേ എന്‍റെ ദൈവമേ നീയെന്നെ കൈവിട്ടതെന്തേ" എന്നാണു ചോദിക്കുന്നത്. കാരണം ദൈവത്തോടുള്ള സമത്വം വിട്ടു പൂര്‍ണ്ണ മനുഷ്യനായാണ് മരണം കൈവരിക്കുന്നത്. അവിടെ പിതാവേ എന്ന് വിളിക്കാനുള്ള അവകാശം നഷ്ടപ്പെട്ടു. അതായത്, ദൈവപുത്രന്‍ ആണെങ്കിലും വേദനകള്‍ മുഴുവന്‍ ഒരു മനുഷ്യനായി സഹിച്ചാണ് ക്രൂശില്‍ മരിക്കുന്നത്. ക്രൂശിലെ ഏഴു മൊഴികള്‍ വളരെ പ്രസക്തമാണ്.

1. "പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ"  -: ലൂക്കോസ് 23:34
2. "ഇന്ന് നീ എന്നോടു കുടെ പറുദീസയില്‍ ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു" – : ലൂക്കോസ് 23:43
3. "സ്ത്രീയെ ഇതാ നിന്റെ മകന്‍" (അമ്മയോട്),  "ഇതാ നിന്റെ അമ്മ" (ശിഷ്യനോടു ) -: (യോഹന്നാന്‍-19:26,27)
4. "എന്റെ ദൈവമേ,  എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു?" -:  (മത്തായി – 27:46 , മാര്‍ക്കോസ് 15:34 , സങ്കീ :22:1)
5. "എനിക്ക് ദാഹിക്കുന്നു" -:  (യോഹന്നാന്‍-19:28)
6. നിവൃത്തിയായി  -:  (യോഹന്നാന്‍-19:30)
7.  "പിതാവേ ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പ്പിക്കുന്നു" -:  ലൂക്കോസ് 23:46    
മേല്‍പ്പറഞ്ഞിരിക്കുന്നവയാണ് കുരിശിലെ ഏഴു മൊഴികള്‍ എന്ന്‍ വിശേഷിപ്പിക്കുന്ന വാചകങ്ങള്‍.  അവയെല്ലാം പറയുന്നത് ആണികളില്‍ തൂക്കപ്പെട്ട അവസ്ഥയില്‍ കിടന്നുകൊണ്ടാണ്. അപ്രകാരം തൂക്കപ്പെടുന്ന ഒരു മനുഷ്യന്‍റെ നാവില്‍ നിന്ന്‍ ശബ്ദം പുറപ്പെടണമെങ്കില്‍ എത്ര ദയനീയമായ അവസ്ഥയാണെന്നു നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല.

ഇത്രയും വേദനകള്‍ ശാരീരികവും മാനസികവുമായി സഹിച്ച് ലോകത്തിന്‍റെ മുഴുവന്‍ പാപങ്ങള്‍ക്ക് ബലിയായി തീര്‍ന്ന യേശു ദേവന്‍റെ ത്യാഗം ഈസ്റ്റര്‍ ദിനത്തില്‍ മാത്രമല്ല, ഓരോ നിമിഷവും നാം ഓര്‍ക്കേണ്ടതാണ്. വിവിധവും വ്യത്യസ്തവുമായ ആര്‍ഭാടങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ യഥാര്‍ത്ഥ ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് നമ്മുടെ മനസുകളില്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കാം… എല്ലാ വായനക്കാര്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ ഈസ്റ്റര്‍ ആശംസകള്‍.